അരങ്ങിലും അഭ്രപാളിയിലും അഭിനയവൈവിധ്യം കൊണ്ട് കാണികളെ അതിശയിപ്പിച്ച അഭിനേത്രിയാണ് സുരഭിലക്ഷ്മി. കൊച്ചുകൊച്ചു വേഷങ്ങളിലൂടെ അഭിനയിച്ചുതുടങ്ങിയ ഈ കോഴിക്കോട്ടുകാരി ഒടുവിൽ ദേശീയ പുരസ്‌കാരംവരെ നടന്നുചെന്നു. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ മധ്യവയസ്‌കയായ അമ്മയെ അവതരിപ്പിച്ചതുവഴിയാണ് ഈ കലാകാരി ദേശീയ പുരസ്‌കാരത്തിന് അർഹയായത്.

അമൃത ചാനലിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിലെ വിജയമാണ് സുരഭിയെ സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് ആനയിച്ചത്. എന്നാൽ അതിനുമുമ്പുതന്നെ അരങ്ങിന്റെ ഭാഗമായിരുന്നു സുരഭി. സുവർണ്ണ തിയേറ്റേഴ്‌സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിരുന്നു. പിന്നീട് കെ. വിനോദ് കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനും, കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമച്വർ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു.

മീഡിയാ വണ്ണിൽ സംപ്രേഷണം ചെയ്ത എം80 മൂസ എന്ന ഹാസ്യപരമ്പരയിലൂടെയായിരുന്നു സുരഭി പ്രേക്ഷകമനസ്സിൽ നിലയുറപ്പിച്ചത്. മൂസയായി വിനോദ് കോവൂരും ഭാര്യ പാത്തുവായി സുരഭിയും തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അറുപതു പിന്നിട്ട ഉമ്മൂമ്മമാരുടെ സംസാരശൈലിയായിരുന്നു പാത്തുവിന്റെ പ്ലസ് പോയന്റ്. സ്ത്രീകൾ തനി കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന ഹാസ്യ പരമ്പരകൾ ഏറെയുണ്ടായിരുന്നില്ല. ആക്ഷേപഹാസ്യത്തിലൂടെ സമകാലിക സംഭവങ്ങൾ കോർത്തിണക്കി ഒരുക്കിയ ഈ ഹാസ്യപരമ്പരയ്ക്ക് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. അതോടെ സുരഭിയുടെ പാത്തുവും ഹിറ്റായി.

കോഴിക്കോട് ജില്ലയിലെ നരിക്കുനിക്കാരിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുട്ടിക്കാലംതൊട്ടേ കലാരംഗത്ത് നിലയുറപ്പിച്ചിരുന്നതിനാൽ കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ ഭരതനാട്യം ഐഛികമായി ബിരുദ പഠനത്തിനു ചേർന്നു. ഓപ്ഷനായി തിരഞ്ഞെടുത്തത് നാടകമായിരുന്നു. ഒന്നാം റാങ്കോടെയായിരുന്നു ബിരുദപഠനം പൂർത്തിയാക്കിയത്. തുടർന്ന് ശ്രീശങ്കരയിൽനിന്നുതന്നെ തിയേറ്റർ ആർട്‌സിൽ എം.എയെടുത്തു.
എം.ഫിൽ പഠനം എം.ജി. യൂനിവേഴ്‌സിറ്റിയിലായിരുന്നു. കാലടി സർവ്വകലാശാലയിലെ റിസർച്ച് സ്‌കോളറാണിപ്പോൾ. മികച്ച വിദ്യാർത്ഥിക്കുള്ള ജവഹർലാൽ നെഹ്‌റു സ്‌കോളർഷിപ്പിനും അർഹയായിട്ടുണ്ട്.

കെ.കെ. രാജീവിന്റെ കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലെ വേഷം സുരഭിയുടെ അഭിനയയാത്രയുടെ തുടക്കമായിരുന്നു. തുടർന്ന് അഭിനയമാണ് ജീവിതവഴി എന്നു തിരിച്ചറിഞ്ഞതോടെയാണ് സിനിമയിലേയ്ക്കു കടന്നുവന്നത്. തിരക്കഥയിലെ വളർമതി, പകൽനക്ഷത്രങ്ങളിലെ ഗീത, ഗുൽമോഹറിലെ നിർമ്മല, പുതിയ മുഖത്തിലെ റോഷ്‌നി, സ്വപ്‌നസഞ്ചാരിയിലെ രാധ, തൽസമയം ഒരു പെൺകുട്ടിയിലെ ജെന്നി, ഏഴു സുന്ദരരാത്രികളിലെ ജയലക്ഷ്മി, ഞാൻ സ്റ്റീവ് ലോപ്പസിലെ ശോഭ, എന്നു നിന്റെ മൊയ്തീനിലെ മണിയമ്മ, ഉട്ടോപിയൻ രാജാവിലെ സൈറ, കിസ്മത്തിലെ സെലീന, കോമ്രേഡ് ഇൻ അമേരിക്കയിലെ ദീപ, ഈടയിലെ പുഷ്പലത, തീവണ്ടിയിലെ സെക്രട്ടറി വിശാലം, നീയും ഞാനും എന്ന ചിത്രത്തിലെ സുഭദ്ര അന്തർജനം, അതിരനിലെ കമല ലക്ഷ്മി, വികൃതിയിലെ എൽസി, ഉൾട്ടയിലെ ഗൗരി, ചാച്ചാജിയിലെ ശ്രീദേവി.... അഭിനയിച്ചുഫലിപ്പിച്ചതിൽ ചില കഥാപാത്രങ്ങൾ മാത്രമാണിവ.
ദേശീയ അവാർഡിനു ശേഷം ലഭിച്ച സിനിമകളിൽ പലതിലും രണ്ടോ മൂന്നോ സീൻ കൂടുതലായി അഭിനയിക്കാനായി എന്നതുമാത്രമാണ് മാറ്റമെന്ന് സുരഭി പറയുന്നു. ഹരികുമാറിന്റെ ജ്വാലാമുഖി, സൗബിൻ സാഹിർ, ദിലീഷ് പോത്തൻ എന്നിവർക്കൊപ്പം വേഷമിട്ട കള്ളൻ ഡിസൂസ, ദുൽഖർ സൽമാനോടൊപ്പം കുറുപ്പ്, ഇന്ദ്രൻസിന്റെ നായികയായി പൊരിവെയിൽ, ഇന്ദ്രജിത്തിനോടൊപ്പം ക്രൈം നമ്പർ 59/2019, അനുരാധ, തല, ജ്വാലാമുഖി... എന്നിവയാണ് പുതിയ ചിത്രങ്ങൾ.

നടൻ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന പത്മ എന്ന ചിത്രത്തിൽ ടൈറ്റിൽ വേഷത്തിലാണെത്തുന്നത്. ആദ്യമായി ഒരു കൊമേഴ്‌സ്യൽ സിനിമയിൽ ടൈറ്റിൽ വേഷത്തിലെത്തുകയാണ്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് പത്മ പറയുന്നത്. കൂടുതൽ വിശദീകരിക്കാനാവില്ലെന്ന് സുരഭി പറയുന്നു.
ദേശീയ അവാർഡ് ലഭിച്ചെന്നു കരുതി തന്റെ ജീവിതം മാറിയിട്ടില്ലെന്നും സുരഭി കൂട്ടിച്ചേർക്കുന്നു. 'അവാർഡ് ലഭിക്കുമ്പോൾ അതൊരു ആഘോഷമാണ്. ഞാനെന്ന വ്യക്തിക്കും നടിക്കും ഊർജം പകരാൻ മാത്രമുള്ളതാണ് അവാർഡ്. ഏറെ സന്തോഷമുള്ളത് വരാനിരിക്കുന്ന ചിത്രങ്ങളിലെല്ലാം ശക്തമായ വേഷങ്ങളാണ് എന്നുള്ളതാണ്...' സുരഭി പറയുന്നു.
മാനസികമായ അടുപ്പം നാടകത്തോടാണ്. കാരണം നടി എന്ന നിലയിൽ ഏറെ സംതൃപ്തി ലഭിക്കുന്നത് അരങ്ങിൽനിന്നാണ്. പണമോ പ്രശസ്തിയോ ഒന്നും അവിടെ പ്രശ്‌നമല്ല. ഒരുമിച്ച് അധ്വാനിക്കുക. കഥാപാത്രങ്ങളും നാടകവും നന്നാക്കിയെടുക്കുക. അതുമാത്രമാണ് ചിന്ത. എന്നാൽ സിനിമയിൽ അഭിനയിച്ചാൽ പണവും പ്രശസ്തിയും ലഭിക്കും.

തിരക്കഥയിലെ വളർമതിയെയും എന്നു നിന്റെ മൊയ്തീനിലെ മണിയമ്മയെയുംപോലുള്ള ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഞാനായിട്ട് അവർക്കൊരു ഭൂതകാലവും മാനറിസങ്ങളും നൽകാൻ ശ്രമിച്ചിട്ടുണ്ട്. കഥാപാത്രത്തെ പഠിച്ചു ചെയ്യുന്ന രീതിയെല്ലാം പഠിച്ചത് നാടകത്തിൽനിന്നാണ്. ആ അനുഭവപാഠം സിനിമയിലും ഗുണകരമായി.
സിനിമാ സംവിധാനം തനിക്ക് യോജിക്കില്ലെന്ന് സുരഭി പറയുന്നു. ഏറെ അധ്വാനമുള്ള ജോലിയാണ് സംവിധായകന്റേത്. അതിനാൽ തൽക്കാലം അഭിനയരംഗത്ത് നിലയുറപ്പിക്കാനാണ് തീരുമാനം.
ലോക് ഡൗണിൽ സിനിമകളൊന്നുമില്ലാതെ വീട്ടിലിരിക്കാനൊന്നും സുരഭിയെ കിട്ടില്ല. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് ജിംനേഷ്യത്തിൽ വർക്കൗട്ട് ചെയ്യുകയാണിപ്പോൾ. വീട്ടിൽനിന്നുതന്നെയാണ് പരിശീലനം നടത്തുന്നത്. ശരീരം ഫിറ്റാക്കി നിർത്തുകയെന്നത് കുട്ടിക്കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ദുൽഖർ സൽമാനോടൊപ്പം കുറുപ്പിന്റെ ലൊക്കേഷനിൽവെച്ചാണ് വർക്കൗട്ടിനെക്കുറിച്ച് വീണ്ടും ചിന്തിച്ചുതുടങ്ങിയത്.
ഡി.ക്യുവിന്റെ പേഴ്‌സണൽ ട്രെയിനറായ അരുണാണ് ചില ടിപ്‌സുകൾ പറഞ്ഞുതന്നത്. പിന്നീട് സിനിമകളുടെ തിരക്കുകളിൽ വർക്കൗട്ട് മുടങ്ങി. ട്രെയിനറായ രൂപേഷ് രഘുനാഥിന്റെ ശിക്ഷണത്തിലാണ് ഇപ്പോഴത്തെ പരിശീലനം.






