Sorry, you need to enable JavaScript to visit this website.

വിശ്വാസത്തോടെയുള്ള മരണം; അതാണ് എപ്പോഴും പ്രാര്‍ഥന- യൂസഫലി

എല്ലാവരുടേയും പ്രാര്‍ഥനയാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ തനിക്ക് രക്ഷയായതെന്ന് പ്രശസ്ത വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം.എ. യൂസഫലി പറഞ്ഞു. സുരക്ഷിതമായി ദൈവമാണ് അവിടെ കൊണ്ടിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 11 ന് കൊച്ചിയിലുണ്ടായ അപകടത്തില്‍ യൂസഫലി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
എല്ലാ ദിവസവും ദൈവത്തില്‍ ഭരമേല്‍പിച്ചാണ് പുറത്തിറങ്ങാറുള്ളതെന്നും അത് ചെറുപ്പം മുതലേയുള്ള ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടത്തിനുശേഷം ആദ്യമായാണ് അദ്ദേഹം വിവിധ മാധ്യമങ്ങളോട് സംസാരിച്ചത്. യൂസഫലി ഒരു കോടി രൂപ കെട്ടിവെച്ചതിനെ തുടര്‍ന്ന് യു.എ.ഇ ജയിലില്‍നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന്‍ നാട്ടിലേക്ക് പുറപ്പെട്ട ദിവസം കൂടിയായിരുന്നു ചൊവ്വാഴ്ച.
ഇത് പേരിനും പ്രശസ്തിക്കും വേണ്ടി ചെയ്തതല്ലെന്നും ഹെലികോപ്റ്ററില്‍ നിന്ന് വീണതു കാരണം എല്ലാവര്‍ക്കും കാശ് വാരിക്കൊടുക്കുന്നതല്ലെന്നും യൂസഫലി പറഞ്ഞു.  ജനുവരി നാലാം തീയതിയാണ് കോടതിയില്‍ ഒരു കോടി രൂപ കെട്ടിവെച്ചത്. ഇതിന്റെ പിന്നില്‍ ഒരുപാട് നാളായി തന്റെ പ്രവര്‍ത്തനമുണ്ടായിരുന്നു.

ഏത് രാജ്യത്ത് പോയാലും ആ രാജ്യത്തിന്റെ നിയമം പാലിക്കപ്പടണം. അറബ് രാജ്യങ്ങളില്‍ അവിടുത്തെ നിയമത്തിന് അനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്നവര്‍ വന്നാല്‍ മതി. അറബിക്കും അറബിയല്ലാത്തവര്‍ക്കും ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും ഒരേ നിയമമാണ് അവിടെ. നമുക്ക് അവിടെ പോയി ജോലിയെടുക്കാനും ജീവിക്കാനും പണം നാട്ടിലേക്ക് അയക്കാനുമൊക്കെ അവസരമൊരുക്കുന്ന മഹാന്മാരായ ഭരണാധികാരികളാണ് ഉള്ളത്. അറബി മലയാളിയെ കൊന്നാലും തിരിച്ചാണെങ്കിലും ശിക്ഷ ഒന്നാണ്.

ബെക്‌സ് കൃഷ്ണന്റെ സേതു എന്ന  ബന്ധുവാണ് ഈ വിഷയവുമായി എന്നെ സമീപിച്ചത്. അയാളുടെ കുടുംബത്തെക്കുറിച്ച്, അമ്മയെക്കുറിച്ച് ഓര്‍ത്തു. ഒരു ചെറുപ്പക്കാരന്റെ ജീവിതമാണല്ലോ എന്നുകൂടി ഓര്‍ത്തു ഞാന്‍ അയാള്‍ക്കെതിരെ കേസ് കൊടുത്തവരെ സമീപിച്ചു. ഇത് ചെയ്തതില്‍ സംതൃപ്തിയും സന്തോഷവും ഉണ്ട്. ദൈവം എല്ലാവരുടെയുമാണ്. പേരിന് വേണ്ടിയില്ല ഞാനിത് ചെയ്തത്- യൂസഫലി പറഞ്ഞു.


ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ തന്നെ രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹെലിക്കോപ്റ്റര്‍ നിലംപതിച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയും സ്ഥലം ഉടമയേയും കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഏ്പ്രില്‍ 11 ന് രാവിലെയാണ് എം.എ. യൂസഫലിയും ഭാര്യയും അടക്കം ആറു പേര്‍ സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ കൊച്ചി പനങ്ങാട്ടെ ചതുപ്പ് നലത്തില്‍ ഇടിച്ചിറക്കിയത്.

 

 

Latest News