ന്യൂദൽഹി- വിദേശത്ത് പോകേണ്ടവർക്ക് കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ നേരത്തെ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാറും വ്യക്തമാക്കി. കോവിഡ് വാക്‌സിനുകൾക്ക് ഇടയിലെ ഇടവേളെ കുറക്കാമെന്ന് കേന്ദ്ര സർക്കാർ മാർഗരേഖയിൽ വ്യക്തമാക്കി. പഠനം, ജോലി ആവശ്യങ്ങൾക്കായി പോകുന്നവർക്കും അത്‌ലറ്റുകൾക്കുമാണ് ഇളവ്. ഓഗസ്റ്റ് 31 വരെ രാജ്യാന്തര യാത്ര നടത്തുന്നവർക്കാണ് ഇളവ്.
വിദ്യാഭ്യാസം, ജോലി, ഒളിംപിക്‌സ് സംഘത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകുന്ന ആളുകൾ എന്നിവർക്ക് അവരുടെ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്ത കോവിൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നേരത്തെ കേരള സർക്കാർ പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷനിലെ ഇടവേള കുറച്ചിരുന്നു. 28 ദിവസമായാണ് കോവിഡ് വാക്‌സിൻ രണ്ടാം ഡോസിന്റെ ഇടവേള കുറച്ചത്.