Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് വാക്‌സിൻ വിതരണം അശാസ്ത്രീയമെന്ന് വ്യാപക പരാതി  

മലപ്പുറം- ജില്ലയിൽ കോവിഡ് പ്രതിരോധ വാക്‌സിന്റെ വിതരണം അശാസ്ത്രീയമെന്ന് വ്യാപക പരാതി. വാക്‌സിന് വേണ്ടി ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടത്തി നിരവധിയാളുകൾ ആഴ്ചകളായി കാത്തിരിക്കുമ്പോൾ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ പലർക്കും വാക്‌സിൻ ലഭിക്കുന്നുവെന്നതാണ് മുഖ്യപരാതി. അതോടൊപ്പം സ്വകാര്യമേഖലയിലേക്ക് കൂടുതൽ വാക്‌സിൻ എത്തുന്നതായും സർക്കാർ സംവിധാനത്തെ ആശ്രയിച്ചിരിക്കുന്നവർക്ക് നിരാശരാകേണ്ടി വരുന്നതായും പരാതികളുണ്ട്.


സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുൻനിരയിലുള്ള മലപ്പുറം ജില്ലയിൽ വാക്‌സിൻ വിതരണത്തിൽ അപാകതയുള്ളതായി നേരത്തെ തന്നെ പരാതികളുയർന്നിരുന്നു. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ലക്ക് ജനസംഖ്യാനുപാതികമായി വാക്‌സിൻ ഡോസുകൾ ലഭിക്കുന്നില്ലെന്ന് ജനപ്രതിനിധികൾ വിമർശനമുന്നയിച്ചിരുന്നു. ലഭ്യമാകുന്ന വാക്‌സിനുകൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും മുൻഗണനാ ക്രമം പാലിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ആഴ്ചകൾക്ക് മുമ്പെ ഓൺലൈനിൽ രജിസ്‌ട്രേഷൻ നടത്തിയ മുതിർന്ന പൗരൻമാർക്ക് പോലും വാക്‌സിൻ ലഭിക്കുന്നില്ല. വാക്‌സിനെടുക്കുന്നതിനുള്ള ഊഴത്തിനായി ഓൺലൈനിൽ ശ്രമിക്കുന്നുണ്ടെങ്കിലും വാക്‌സിൻ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അതേസമയം, സർക്കാർ ആശുപത്രികളിലും വാക്‌സിനേഷൻ സെന്ററുകളിലും എത്തുന്ന മരുന്നുകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ തീരുകയും ചെയ്യുന്നുണ്ട്. സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി പലരും മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിനെടുക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാക്‌സിൻ വിതരണത്തിനുള്ള ഓൺലൈൻ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതിയും വ്യാപകമാണ്. രജിസ്റ്റർ ചെയ്ത് കുത്തിവെപ്പ് എടുക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുന്നതിൽ കാര്യമില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.


സ്വകാര്യ ആശുപത്രികളിൽ കൂടുതലായി വാക്‌സിൻ എത്തുന്നതും സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരെ നിരാശരാക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികൾ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ ജില്ലയുടെ പലഭാഗങ്ങളിലും നടത്തുന്നുണ്ട്. കോവിഷീൽഡ് മരുന്നിന് ഒരു ഡോസിന് 1200 രൂപ വരെയാണ് ഈടാക്കുന്നത്. അത്യാവശ്യക്കാരും സർക്കാർ സംവിധാനം വഴി കുത്തിവെപ്പ് ലഭിക്കാത്തവരും ഈ തുക നൽകി സ്വകാര്യ കാമ്പുകളിൽ നിന്ന് വാക്‌സിൻ എടുക്കുന്നുണ്ട്.
ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടത്തി കാത്തിരിക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ വാക്‌സിൻ നൽകണമെന്ന ആവശ്യം ജില്ലയിൽ ശക്തമാണ്. മുതർന്ന പൗരൻമാരിൽ വലിയൊരു ശതമാനം ഇപ്പോഴും വാക്‌സിനായി പരിഗണിക്കപ്പെട്ടിട്ടില്ല. ഇവർക്ക് കുത്തിവെപ്പ് നൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. പ്രവാസികൾ ഏറെയുള്ള ജില്ലയിൽ ലീവിലെത്തി തിരിച്ചു പോകാൻ കാത്തിരിക്കുന്നവരും വാക്‌സിൻ ലഭിക്കാതെ ആശങ്കയിലാണ്. 

 

Latest News