കൊച്ചി - കടൽക്ഷോഭംമൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാതൃകാ മത്സ്യഗ്രാമ പദ്ധതിയിൽ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികൾ സംബന്ധിച്ച് ചെല്ലാനം സ്വദേശികളായ പ്രവാസികൾ അടക്കമുള്ള നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കുമുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ഇ-മെയിൽ ആയും വാട്ട്സ്ആപ്പ് വഴിയും അറിയിക്കാം.
മാതൃക മത്സ്യഗ്രാമ പദ്ധതിയുടെ നോഡൽ ഏജൻസിയായ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) [email protected] എന്ന ഇ-മെയിൽ ഐ.ഡിയിലും 9446032977 എന്ന വാട്ട്സ്ആപ്പ് നമ്പറിലുമാണ് നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കേണ്ടത്.
ശനിയാഴ്ച (ജുൺ 12) വൈകിട്ട് 5 വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് സമർപ്പിക്കാനായി തിങ്കളാഴ്ച നടത്തിയ ഓൺലൈൻ മീറ്റിങ്ങിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
അമേരിക്ക, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്ന ചെല്ലാനം സ്വദേശികൾ അടക്കം നൂറോളം പേർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചെല്ലാനത്തെ പ്രശ്നപരിഹാരത്തിനായി 2004 മുതൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുവെങ്കിലും അതൊന്നും പ്രശ്നപരിഹാരത്തിന് ഉതകിയില്ലെന്ന പൊതുവികാരമാണ് മീറ്റിംഗിൽ പ്രതിഫലിച്ചത്.
കുഫോസ് വൈസ് ചാൻസലർ ഡോ. കെ. റിജി ജോണും തീരദേശ വികസന കോർപറേഷൻ എം.ഡി ഷേക്ക് പരീതും യോഗത്തിന് നേതൃത്വം നൽകി.
ചെല്ലാനത്ത് കടൽ ക്ഷോഭംമൂലമുള്ള പാരിസ്ഥിക ആഘാതം ഇല്ലാതാക്കാനായി വിവിധ ശാസ്ത്രീയമാർഗങ്ങളുടെ സമന്വയത്തിലൂടെ രൂപപ്പെടുത്തുന്ന ഹൈബ്രീഡ് ആയ സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ പറഞ്ഞു, ചെല്ലാനത്തെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനോടൊപ്പം മാനസിക ആരോഗ്യവും കുട്ടികളുടെ പഠന നിലവാരവും ഉയർത്തുന്ന സമഗ്രമായ പരിപാടികൾ നടപ്പിലാക്കും. മാതൃക മത്സ്യഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പൊതുജനങ്ങൾക്ക് കുഫോസ് നോഡൽ ഓഫിസർ ഡോ. ദിനേശ് കൈപ്പിള്ളിയെ ബന്ധപ്പെടാം. ഇ-മെയിൽ - [email protected].