വിജയമന്ത്രങ്ങൾ
എല്ലാവരിൽ നിന്നും എന്തെങ്കിലും പഠിക്കുക. അത് ഒരു പക്ഷേ നമുക്ക് പ്രയോജനപ്പെടാം. അല്ലെങ്കിൽ സഹജീവികൾക്ക് ഉപകരിക്കാം. എന്തായിരുന്നാലും അവ നമ്മുടെ വിജയ മന്ത്രമാകുമെന്നതിൽ സംശയം വേണ്ട.
ജീവിതത്തിൽ നാം പലരേയും കണ്ടുമുട്ടാറുണ്ട്. പലരുമായും സഹവസിക്കുകയും സഹകരിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോരുത്തരിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ടാകാം. ചിലരിൽ നിന്നും എങ്ങനെ ആകണമെന്നും മറ്റു ചിലരിൽ നിന്നും എങ്ങനെ ആകരുതെന്നും നാം പഠിക്കുന്നു. ആരെയും അവഗണിക്കരുതെന്നും നിസ്സാരമായി കാണരുതെന്നും നാം പ്രത്യേകമോർക്കണം. നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഓരോരുത്തരിൽ നിന്നും നാം ചിലത് പഠിക്കുന്നു. ചില പാഠങ്ങൾ വേദനാജനകവും മറ്റു ചില പാഠങ്ങൾ വേദനാരഹിതവുമാണ്. പക്ഷേ എല്ലാം അമൂല്യമായവയാണ് എന്നാണ് പറയുക.
ഒരാളെ കണ്ടുമുട്ടിയാൽ നമ്മൾക്ക് അയാളിൽ നിന്നും എന്താണ് പഠിക്കാനുള്ളത് എന്നാണ് നാം നോക്കേണ്ടത്. കുറെ നല്ല കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും കഴിയണം. അതിൽനിന്നും നല്ല കാര്യങ്ങൾ വേർതിരിച്ചെടുത്തു അനുഗുണമായവ നമ്മുടെ ജീവിതത്തിലും പ്രയോഗിക്കാൻ നാം ശ്രമിക്കണം.
മറ്റൊരാളുടെ കുറവുകളോ പോരായ്മകളോ കണ്ടാൽ അത് നമ്മുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ മുൻകരുതലുകളെടുക്കുകയാണ് വേണ്ടത്. മറ്റുള്ളവർ ചെയ്യുന്നത് നോക്കി അന്ധമായി അനുകരിക്കാൻ ശ്രമിക്കാതെ, സ്വന്തം വ്യക്തിത്വം നിലനിർത്താൻ ശ്രദ്ധിക്കണം. ചുറ്റുപാടുമുള്ളവരിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും നിങ്ങൾ നിങ്ങളായി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം മനോഹരമാവുക. നല്ല ബന്ധങ്ങളാണ് ജീവിതത്തിന് കരുത്ത് പകരുക. അതിനാൽ നന്മയുള്ളവരുമായി ബന്ധം സ്ഥാപിച്ച് ജീവിതം ച്ചൈപ്പെടുത്താം. ബന്ധങ്ങൾ വൈദ്യുതി പോലെയാണ്. തെറ്റായ കണക്ഷൻ ജീവിതത്തിൽ ഷോക്കുകൾ തന്നുകൊണ്ടിരിക്കും. അതേസമയം ശരിയായ കണക്ഷൻ ജീവിതത്തിന് വെളിച്ചമാണ് നൽകുക. നാം കരയുമ്പോൾ ആ കണ്ണീരൊപ്പാൻ ഒരാൾ കൂടെയുണ്ടെങ്കിൽ ആ കണ്ണീരിനെപ്പോലും നാം ഇഷ്ടപ്പെടും. ജീവിതത്തിൽ എല്ലാവർക്കും ഒരു വീപ്പിംഗ് ഷോൾഡർ ആവശ്യമാണ്. അത്തരം വ്യക്തികളെ കണ്ടെത്തി ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്നതിലൂടെ ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും നമുക്ക് അതിജീവിക്കാനാകും.
മനസ്സിന്റെ വേദനകൾ ക്ഷമയോടെ കേൾക്കാനും മനുഷ്യനും മനസ്സിനും മരുന്നാകാനും ആരംഭിച്ച ലിസനിങ് കമ്യൂണിറ്റി ഓഫ് ഇന്ത്യ എന്ന കൂട്ടായ്മ ഈ രംഗത്ത് വമ്പിച്ച സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കുന്നോളം വേദനയോ കുന്നിമണിയോളം സന്തോഷമോ ഉള്ളിലുണ്ട്. പറയുവാനും ഏറെയുണ്ട്. പക്ഷേ കേൾക്കുവാൻ അരികിലാരുമില്ല. ഈ വേദന മറ്റൊരു ചിത്രത്തിലേക്കും പകർത്താനാകാത്ത വിധമുള്ള മനസ്സിന്റെ ഒറ്റപ്പെടലാണ്. കേൾക്കുവാനാരോരുമില്ലല്ലോ എന്നൊരു ആവലാതി മനുഷ്യനെയും മനസ്സിനെയും ഒരുപോലെ അലട്ടുന്ന വ്യാധിയാണ്. അങ്ങനെയുള്ള മനുഷ്യരുടെ മനസ്സിനരികിലിരുന്ന് കാതും ഹൃദയവും തുറന്ന് കേൾക്കുവാനൊരുങ്ങി വരുന്നവരാണ് ലിസനിങ് കമ്യൂണിറ്റിയുടെ പ്രവർത്തകർ. ഇവരിൽ നിന്നും ആധുനിക സമൂഹത്തിന് വളരെയേറെ കാര്യങ്ങളാണ് പഠിച്ചെടുക്കുവാനുള്ളത്.
നിങ്ങളുടെ കണ്ണുകൾ പോസിറ്റിവാണെങ്കിൽ നിങ്ങൾ ഈ ലോകത്തെ സ്‌നേഹിക്കും. എന്നാൽ നിങ്ങളുടെ നാവ് പോസിറ്റിവാണെങ്കിൽ ലോകം നിങ്ങളെ സ്‌നേഹിക്കുമെന്ന മദർ തെരേസയുടെ പ്രശസ്തമായ വാചകവും ചുറ്റുപാടിൽ നിന്നും നാം എടുക്കുകയും കൊടുക്കുകയും ചെയ്യേണ്ട സുപ്രധാനമായ ചില സന്ദേശങ്ങളാണ് അടയാളപ്പെടുത്തുന്നത്.
എല്ലാവരിൽ നിന്നും എന്തെങ്കിലും പഠിക്കുക. അത് ഒരു പക്ഷേ നമുക്ക് പ്രയോജനപ്പെടാം. അല്ലെങ്കിൽ സഹജീവികൾക്ക് ഉപകരിക്കാം. എന്തായിരുന്നാലും അവ നമ്മുടെ വിജയമന്ത്രമാകുമെന്നതിൽ സംശയം വേണ്ട.