ദുബായ്- താമസസ്ഥലത്ത് മൃഗങ്ങളെ വളര്‍ത്തി വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി ദുബായ്. ജീവികളെ വളര്‍ത്തി വില്‍ക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. മൃഗസ്‌നേഹം വ്യാപാരമായി വളര്‍ത്തണമെങ്കില്‍ അധികൃതരുടെ അനുമതി വേണം. തൊഴില്‍ നഷ്ടപ്പെട്ടവരും അധിക വരുമാനം ലക്ഷ്യമിട്ടുള്ളവരും ഫ്‌ളാറ്റുകളും വില്ലകളും പൂച്ച, പട്ടി, വിവിധയിനം പക്ഷികള്‍ തുടങ്ങിയവയെ വളര്‍ത്തി വില്‍ക്കാന്‍ ഉപയോഗിക്കുന്നതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ ചിത്രമടക്കം പരസ്യം ചെയ്താണ് വിവിധയിനം ജീവികളെ ആവശ്യക്കാര്‍ക്ക് കൈമാറുന്നത്. പലരുടെയും അനധികൃത മൃഗവാണിഭം കാരണം പരിസരങ്ങളില്‍ ജീവിക്കാന്‍ വയ്യെന്നും പരാതിയുണ്ട്. ജീവികളുടെ ഭക്ഷണവും വിസര്‍ജ്യങ്ങളും ഇതര മിശ്രിതങ്ങളും പരിസരങ്ങളിലേക്ക് വമിപ്പിക്കുന്ന ദുര്‍ഗന്ധം സമീപവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇതാണ് കര്‍ക്കശ നടപടിയുമായി വരാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. 10000 മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ.