മലപ്പുറം- ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധി വന്ന ശേഷം പ്രശ്‌നം സങ്കീർണമാക്കുന്ന നിലപാടുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുസ്ലിംലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോടതി വിധി വന്നതോടെ സച്ചാർ റിപ്പോർട്ട് നടപ്പാക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുകയാണ്. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ മുടങ്ങിയിരിക്കുന്നു. കോടതി വിധി വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് മുടങ്ങുന്നത്. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ ഇതിന്റെ ഗൗരവം കണക്കാക്കി പരിഹാര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ പ്രശ്‌നം നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത് മുസ്ലിംലീഗ് നേതാക്കൾ ആരോപിച്ചു.
സച്ചാർ ശുപാർശ പ്രകാരമുള്ള സ്‌കീമുകൾ നടപ്പാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കണമെന്നാണ് സർവ്വകക്ഷി യോഗത്തിൽ മുസ്ലിം ലീഗ് മുന്നോട്ടുവെച്ച പ്രധാന നിർദേശം. ഈ ആനുകൂല്യങ്ങൾ 100 ശതമാനം മുസ്ലിംകൾക്ക് നൽകണം. ന്യൂനപക്ഷങ്ങൾക്കുള്ള പൊതുവായ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി നൽകണം. ഇപ്പോൾ സർക്കാർ ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രശ്‌നം സങ്കീർണമാക്കുകയാണ്. വളരെ ഗൗരവമേറിയ ഒരു വിഷയത്തിൽ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് പറഞ്ഞത് യോഗം കഴിഞ്ഞ ശേഷമാണ്. വലിയ പഠനങ്ങളിലൂടെ നടപ്പാക്കിയ ഒരു റിപ്പോർട്ടിൽ ഇനിയെന്ത് പഠനമാണ് നടത്തുന്നത്? ഒരു മണിക്കൂർ കൊണ്ട് നിയമോപദേശം കിട്ടുമെന്നിരിക്കെ കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകാനുള്ള അടവാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.എം.എ സലാം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.






