കുവൈത്ത് സിറ്റി- കുവൈത്ത് കടലില്‍ കുടുങ്ങിയ കപ്പലിലെ ഇന്ത്യക്കാരായ 16 ജീവനക്കാര്‍ ഒടുവില്‍ ഇന്ത്യയിലേക്ക് പറന്നു. എംവി ഉല എന്ന കപ്പലിലെ ജീവനക്കാര്‍ക്കാണ് നാട്ടിലേക്ക് പോകാന്‍ സാധിച്ചത്.
കുവൈത്ത് തീരമണയും മുമ്പ് തന്നെ മാസങ്ങളോളം ശമ്പളം ഇല്ലാത്ത അവസ്ഥയിലായിരുന്നു ജീവനക്കാര്‍. ഒടുവില്‍ ഭക്ഷണംപോലും ഇല്ലാത്ത സ്ഥിതിയിലെത്തി. കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്താലാണ് ഇവര്‍ക്ക് ഏറെനാള്‍ ഭക്ഷണം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്നലെ ദല്‍ഹിയിലേക്ക് വിമാനം കയറിയ 16 പേര്‍.
ഒമാനില്‍നിന്ന് പുറപ്പെട്ട കപ്പലില്‍ 2019 ഒക്ടോബര്‍ മുതല്‍ ജീവനക്കാര്‍ ദുരിതത്തിലായിരുന്നു. ചികിത്സ ലഭിക്കാന്‍പോലും നടപടി ഉണ്ടായില്ല. 2020 ഫെബ്രുവരിയിലാണ് കപ്പല്‍ ശുഐബ തുറമുഖത്ത് എത്തുന്നത്.
ജീവനക്കാര്‍ക്ക് കരയ്ക്കിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല. ആദ്യഘട്ടത്തില്‍ ക്രൂ ചെയ്ഞ്ച് എന്ന പേരില്‍ ചിലര്‍ക്ക് കരയിലെത്താന്‍ സാധിച്ചെങ്കിലും പിന്നീട് അതും ഇല്ലാതായി. 2020 ഓഗസ്റ്റില്‍ കപ്പിത്താന്‍ ഇല്ലെന്ന് പ്രഖ്യാപനം വന്നു. അതോടെ ജീവനക്കാരുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലായി. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 19 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.