Sorry, you need to enable JavaScript to visit this website.

ആർക്കാണ് ഹോം അഡ്വാന്റേജ്?

പ്രധാന ടൂർണമെന്റുകളിൽ ആതിഥേയ ടീമുകൾക്ക് മുൻതൂക്കമുണ്ടാവാറുണ്ട്. പരിചയമുള്ള സാഹചര്യങ്ങളും കാണികളുടെ പിന്തുണയും രാജ്യത്തുടനീളം അലയടിക്കുന്ന ആവേശവുമൊക്കെയാണ് അതിന് കാരണം. ഇത്തവണത്തെ യൂറോ കപ്പിൽ ആർക്കായിരിക്കും ഹോം അഡ്വാന്റേജ്? ഒമ്പത് ടീമുകളാണ് സ്വന്തം കാണികൾക്കു മുന്നിൽ ഗ്രൂപ്പ് മത്സരങ്ങൾ കളിക്കുക. മൊത്തം 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 11 നഗരങ്ങളിൽ കളി നടക്കും. ഏറ്റവും കൂടുതൽ മത്സരങ്ങളുള്ള നഗരം ലണ്ടനാണ്.
1966 ലെ ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട വെം്ബ്ലി സ്റ്റേഡിയത്തിൽ തുടർച്ചയായി ആറു മത്സരങ്ങൾ കളിച്ച് ചാമ്പ്യന്മാരായത്. ഇത്തവണ യൂറോ കപ്പിൽ ആറ് മത്സരങ്ങൾ ഇംഗ്ലണ്ടിന് അവിടെ കളിക്കാനായേക്കും. ഗ്രൂപ്പ് ഡി-യിലെ മൂന്ന് മത്സരങ്ങളും ഇംഗ്ലണ്ടിന് വെംബ്ലിയിൽ കളിക്കാം. ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയാണെങ്കിൽ പ്രി ക്വാർട്ടറും അവിടെ തന്നെയായിരിക്കും. ക്വാർട്ടറിലെത്തുകയാണെങ്കിൽ റോമിലായിരിക്കും മത്സരം. സെമിഫൈനലും ഫൈനലും കളിക്കണമെങ്കിൽ വീണ്ടും വെംബ്ലിയിൽ വരും. ഫൈനലാവുമ്പോഴേക്കും വെംബ്ലിയിലെ 90,000 ഇരിപ്പിട ശേഷിയിൽ നാലിലൊന്നിലെങ്കിലും കാണികളെ എത്തിക്കാനാവണമെന്ന ആഗ്രഹത്തിലാണ് അധികൃതർ. അതിന് കോവിഡ് സാഹചര്യം മെച്ചപ്പെടണം. 
ജർമനി മൂന്നു ഗ്രൂപ്പ് മത്സരങ്ങളും മ്യൂണിക്കിൽ കളിക്കും. സ്‌പെയിനിനും ഗ്രൂപ്പ് മത്സരങ്ങളെല്ലാം സ്വന്തം കാണികൾക്കു മുന്നിൽ സെവിയയിൽ കളിക്കാം. ഇറ്റലിയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം റോമിലാണ്. നെതർലാന്റ്‌സിന് ആംസ്റ്റർഡാമിലും ഡെന്മാർക്കിന് കോപൻഹാഗനിലുമാണ് എല്ലാ ഗ്രൂപ്പ് മത്സരങ്ങളും. ഹംഗറിക്ക് ബുഡാപെസ്റ്റിലും റഷ്യക്ക് സെയ്ന്റ്പീറ്റേഴ്‌സ്ബർഗിലും സ്‌കോട്‌ലന്റിന് ഗ്ലാസ്‌ഗോയിലും രണ്ടു ഗ്രൂപ്പ് മത്സരങ്ങൾ വീതം കളിക്കാൻ സാധിക്കും. 
ഫ്രാൻസും ജർമനിയും പോർചുഗലും ഹംഗറിയുമുൾപ്പെടുന്ന ഗ്രൂപ്പ് എഫിലാണ് ആവേശം നുരയുക. ജർമനിയും ഹംഗറിയും ആതിഥേയ രാജ്യങ്ങളാണ്. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലിനുമെതിരായ അവരുടെ ഹോം മത്സരങ്ങൾ നിർണായകമാവും. 
അവസാനമായി സ്വന്തം രാജ്യത്ത് യൂറോ കപ്പ് നടത്തി ചാമ്പ്യന്മാരായ ടീം ഫ്രാൻസാണ് -1984 ൽ. മിഷേൽ പ്ലാറ്റീനി മധ്യനിര ഭരിക്കുകയും ഗോളടിച്ചു കൂട്ടുകയും ചെയ്ത കാലമായിരുന്നു അത്. 2016 ൽ ഫ്രാൻസ് സ്വന്തം രാജ്യത്ത് ഫൈനലിലെത്തി. 2004 ൽ പോർചുഗലും സ്വന്തം നാട്ടിൽ ഫൈനൽ തോറ്റു. പശ്ചിമ ജർമനിയും സ്വീഡനും ഇംഗ്ലണ്ടും നെതർലാന്റ്‌സും സ്വന്തം രാജ്യത്ത് യൂറോ കപ്പ് നടത്തിയപ്പോൾ സെമി ഫൈനലിൽ തോറ്റു. അവസാനമായി സ്വന്തം രാജ്യത്ത് ലോകകപ്പ് നടത്തിയപ്പോൾ ചാമ്പ്യന്മാരായ ടീമും ഫ്രാൻസ് തന്നെ -1998 ൽ.
 

Latest News