Sorry, you need to enable JavaScript to visit this website.

കണക്കുതീർക്കാൻ അസൂറികൾ

കൊടും നിരാശയിൽ നിന്നാണ് ഇറ്റലി തിരിച്ചുവരുന്നത്. കഴിഞ്ഞ ലോകകപ്പ് അവർ വീട്ടിലിരുന്നാണ് കണ്ടത്. ലോകകപ്പിലെ അഭിമാനകരമായ റെക്കോർഡ് അവസാനിക്കുകയും 2018 ലെ ലോകകപ്പിൽ അവർക്ക് യോഗ്യത നേടാനാവാതിരിക്കുകയും ചെയ്തു. അതിന് അവർ പ്രായശ്ചിത്തം ചെയ്യുകയാണ്. പിന്നീടിങ്ങോട്ട് നിശ്ചയദാർഢ്യമുള്ള ടീമിനെയാണ് കാണുന്നത്. യുവത്വവും പരിചയസമ്പത്തും ഇഴചേർന്ന ടീമിനെ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് നയിക്കുകയാണ് കോച്ച് റോബർടൊ മാഞ്ചീനി. കഴിഞ്ഞ 26 കളികളിലായി അജയ്യരാണ്. 1935-39 കാലത്ത് വിക്ടോറിയ പോസോക്കു കീഴിൽ മാത്രമാണ് ഇറ്റലിക്ക് ഇതിനെക്കാൾ മികച്ച റെക്കോർഡ്. ജൂൺ 11 ന് തുർക്കിയുമായി റോമിൽ ഉദ്ഘാടന മത്സരം കളിക്കുന്ന ഇറ്റലി വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ ബൂട്ട് കെട്ടുന്നത്. സ്വിറ്റ്‌സർലന്റും വെയ്ൽസുമാണ് ഗ്രൂപ്പ് എ-യിലെ മറ്റു ടീമുകൾ.
സീറോ ഇമ്മോബിലെക്കും ആന്ദ്രെ ബെലോട്ടിക്കുമാണ് സ്‌കോറിംഗ് ചുമതലയെങ്കിലും ഇറ്റലിയുടെ കരുത്ത് വിംഗുകളിലും മിഡ്ഫീൽഡിലുമാണ്. ലെഫ്റ്റ് വിംഗർ ലോറൻസൊ ഇൻസിനെയാണ് ടീമിലെ ഏറ്റവും പ്രതിഭയുള്ള കളിക്കാരൻ. 2018 ലെ ലോകകപ്പിൽ ടീമിന് സ്ഥാനം നഷ്ടപ്പെട്ടത് ഇൻസിനെയാണ് ഉപയോഗിക്കാതിരുന്നതിനാലാണ് എന്ന് ആക്ഷേപമുണ്ടായിരുന്നു. സ്വീഡനെതിരായ പ്ലേഓഫിൽ റിസർവ് ബെഞ്ചിലായിരുന്നു ഇൻസിനെ. വലതു വിംഗിൽ ഫെഡറിക്കൊ ചിയേസയുണ്ട്. നിക്കോള ബരേയ, ജോർജിഞ്ഞൊ, മാന്വേൽ ലോകാടെല്ലി, ലോറൻസൊ പെലഗ്രീനി, മാറ്റിയൊ പെസീന, മാർക്കൊ വെരാറ്റി, സ്റ്റെഫാനൊ സെൻസി തുടങ്ങി മധ്യനിരയിൽ ധാരാളിത്തമാണ്. മുൻനിരയിൽ ഫെഡറിക്കൊ ബെർണാർദേശി നല്ലൊരു പകരക്കാരനാണ്. ഇൻസിനെയും വെറാറ്റിയും സെൻസിയും ബരേയയും ചിയേസയുമൊക്കെ അഞ്ചടി ഒമ്പതിഞ്ചോ അതിൽ കുറവോ ഉയരമുള്ളവരാണ്. ഉയരക്കുറവാണ് അവരുടെ കരുത്ത്. 
നൂറിലേറെ മത്സരം കളിച്ച രണ്ടു പേരേയുള്ളൂ ടീമിൽ -ക്യാപ്റ്റൻ ജോർജിയൊ കിയലീനിയും ബോനൂച്ചിയും. 50 മത്സരം കളിച്ച മറ്റാരുമില്ല. ഫ്രാഞ്ചെസ്‌കൊ അസർബി, ജിയാൻലൂക്ക മാഞ്ചീനി, അലസാന്ദ്രൊ ബസ്റ്റോണി തുടങ്ങി മികച്ച സെൻട്രൽ ഡിഫന്റർമാരുണ്ടെങ്കിലും കിയലീനിയെയും ബോനൂച്ചിയെയും സ്ഥാനഭ്രഷ്രാക്കാൻ ആർക്കും സാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. 
ജിയാൻലൂജി ബുഫോൺ വിരമിച്ചത് ഗോൾമുഖത്ത വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരുപത്തിരണ്ടുകാരൻ ജിയാൻലൂജി ഡോണരൂമയാണ് പകരം. മാരിയൊ ബലോടെലിയാണ് പ്രധാന അസാന്നിധ്യം. 
2012 ലെ യൂറോ കപ്പിൽ ടീമിനെ ഫൈനലിലെത്തിച്ച സ്‌ട്രൈക്കർ അച്ചടക്കലംഘനത്തിന് കുപ്രസിദ്ധനാണ്. ഇരുപത്തൊന്നുകാരൻ മിഡ്ഫീൽഡർ നിക്കൊളൊ സനിയോലക്ക് പരിക്കാണ്. 
കോവിഡ് ഏറ്റവുമധികം അഴിഞ്ഞാടിയ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. കോച്ച് മാഞ്ചീനിക്കും അസിസ്റ്റന്റ് ഡാനിയേൽ ദെ റോസിക്കുമെല്ലാം പല ഘട്ടങ്ങളിലായി കോവിഡ് ബാധിച്ചു. വെറാറ്റിയുൾപ്പെടെ നിരവധി കളിക്കാരും ആഴ്ചകളോളം രോഗബാധിതരായി. 
നാലു തവണ ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും ഇറ്റലിയുടെ യൂറോ കപ്പ് റെക്കോർഡ് മോശമാണ്. 1968 ലാണ് ഒരേയൊരിക്കൽ ചാമ്പ്യന്മാരായത്. 

Latest News