Sorry, you need to enable JavaScript to visit this website.

ആര് മിന്നും, ആര് മങ്ങും?

യൂറോ കപ്പ് ഫുട്‌ബോളിന് അടുത്ത ശനിയാഴ്ച പന്തുരുളുകയാണ്. 11 നഗരങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ടൂർണമെന്റ് അപൂർവതകളുടേതാണ്. 24 ടീമുകൾ മാറ്റുരക്കുന്നു. ഫിൻലന്റും നോർത്ത് മാസിഡോണിയയുമാണ് കന്നിക്കാർ. സ്‌കോട്‌ലന്റ് 1998 ലെ ലോകകപ്പിനു ശേഷം ആദ്യമായി ഒരു പ്രധാന ടൂർണമെന്റ് കളിക്കുന്നു. നെതർലാന്റ്‌സിന് 2014 ലെ ലോകകപ്പിനു ശേഷം ആദ്യത്തെ പ്രധാന ടൂർണമെന്റാണ്. കഴിഞ്ഞ ലോകകപ്പും യൂറോ കപ്പും അവർക്ക്  നഷ്ടപ്പെട്ടു. മുൻ ചാമ്പ്യന്മാരായ ഗ്രീസിന് യോഗ്യത നേടാനായില്ല. റുമാനിയയും അസർബയ്ജാനും ആതിഥേയരാണെങ്കിലും അവരുടെ ടീമുകൾക്ക് യൂറോ ബെർത്ത് ലഭിച്ചില്ല. 

യൂറോ കപ്പ് ഫുട്‌ബോളിൽ നിരവധിറെക്കോർഡുകൾ പിറന്നേക്കാം. ഏറ്റവുമധികം മത്സരിച്ച റെക്കോർഡ് എന്തായാലുമുണ്ടാവില്ല. അതിനരകിലെത്തിയ സെർജിയൊ റാമോസ് പരിക്കു കാരണം വിട്ടുനിൽക്കുകയാണ്. എന്നാൽ ഏറ്റവുമധികം ഗോളടിച്ച റെക്കോർഡ് സ്വന്തമാക്കാൻ ക്രിസ്റ്റിയാനൊ റൊണാൾഡോക്ക് സാധിച്ചേക്കാം. കീലിയൻ എംബാപ്പെക്ക് തുടർച്ചയായി ഫ്രാൻസിനെ രണ്ട് കിരീടങ്ങളിലെക്ക് നയിക്കാനുള്ള അവസരവുമുണ്ട്. പ്ലയർ ഓഫ് ദ ഇയർ റോബർട് ലെവൻഡോവ്‌സ്‌കിയും യൂറോ കപ്പിൽ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കെവിൻ ഡിബ്രൂയ്‌നെ, ബ്രൂണൊ ഫെർണാണ്ടസ്, എഡൻ ഹസാഡ്, ആന്റോയ്ൻ ഗ്രീസ്മാൻ, ഹാരി കെയ്ൻ എന്നിവരും ഇത്തവണ ശ്രദ്ധാകേന്ദ്രങ്ങളായേക്കാം. 
മുപ്പത്താറുകാരനായ റൊണാൾഡൊ പോർചുഗീസ് ടീമിൽനിന്ന് വിടവാങ്ങുന്നതിന്റെ പടിവാതിൽക്കലാണ്. അതിനു മുമ്പ് ആറു ഗോൾ കൂടി നേടി മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കാനായിരിക്കും റൊണാൾഡോയുടെ ശ്രമം. 109 രാജ്യാന്തര ഗോളുകളുടെ റെക്കോർഡ് ഇപ്പോൾ ഇറാന്റെ അലി ദാഇയുടെ പേരിലാണ്. ദാഇയെ കൂടാതെ രാജ്യാന്തര മത്സരങ്ങളിൽ നൂറിലേറെ ഗോളടിച്ച ഒരു കളിക്കാരനേയുള്ളൂ - റൊണാൾഡൊ. യൂറോ കപ്പിന് മുമ്പ് പോർചുഗൽ സന്നാഹ മത്സരങ്ങളിൽ സ്‌പെയിനിനെയും ഇസ്രായിലിനെയും നേരിടുന്നുണ്ട്. യൂറോ കപ്പിൽ ഗ്രൂപ്പ് എഫ് എന്ന മരണക്കുണ്ടിലാണ് നിലവിലെ ചാമ്പ്യന്മാർ. ലോക ചാമ്പ്യന്മാരായ ഫ്രാൻസും കരുത്തരായ ജർമനിയും ഈ ഗ്രൂപ്പിലാണ്. ഹംഗറിക്കെതിരായ ആദ്യ മത്സരത്തിൽ അടിതെറ്റിയാൽ് പോർചുഗലിന് മുന്നേറ്റം പ്രയാസമാവും. 
2004 ലെ അരങ്ങേറ്റത്തിനു ശേഷം എല്ലാ കലണ്ടർ വർഷവും പോർചുഗലിനായി റൊണാൾഡൊ ഒരു ഗോളെങ്കിലുമടിച്ചിട്ടുണ്ട്. പോർചുഗലിന്റെ ബ്രൂണൊ ഫെർണാണ്ടസും അതിവേഗം ഉയർന്നുവരുന്ന കളിക്കാരനാണ്. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുനൈറ്റഡിൽ ചേർന്നത് ബ്രൂണോക്ക് വഴിത്തിരിവായി. 
കഴിഞ്ഞ ലോകകപ്പിന്റെ ഹരമായിരുന്നു എംബാപ്പെയുടെ കുതിപ്പുകൾ. ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുത്ത് മൂന്നു വർഷം പിന്നിടും മുമ്പെ മറ്റൊരു കിരീടവിജയമാണ് ഇരുപത്തിരണ്ടുകാരൻ ആഗ്രഹിക്കന്നത്. പി.എസ്.ജിക്കു വേണ്ടി അവസാന എട്ടു കളികളിൽ ഒമ്പത് ഗോളടിച്ച് ആവേശത്തിലാണ് എംബാപ്പെ. 
ലെവൻഡോവ്‌സ്‌കി കഴിഞ്ഞ വർഷം നിർത്തിയേടത്തു നിന്നാണ് ഈ വർഷം തുടങ്ങിയത്. അവസാന 14 കളികളിൽ 22 ഗോളാണ് പോളണ്ടുകാരന്റെ സമ്പാദ്യം. എല്ലാ കളികളിലും ഒരു ഗോളെങ്കിലുമടിച്ചു. എന്നാൽ യൂറോ യോഗ്യതാ റൗണ്ടിൽ ഹാരി കെയ്‌നിനോളം ഗോളടിച്ചുകൂട്ടാൻ ആർക്കും സാധിച്ചിട്ടില്ല. 12 ഗോളും അഞ്ച് അസിസ്റ്റും. റൊണാൾഡോയെയും ഇസ്രായിലിന്റെ ഇറാൻ സഹാവിയെയുംകാൾ ഒരു ഗോൾ കൂടുതൽ. കഴിഞ്ഞ ലോകകപ്പിലും ടോപ്‌സ്‌കോററായിരുന്നു കെയ്ൻ. ഈ സീസണിലെ പ്രീമിയർ ലീഗിലും ടോപ്‌സ്‌കോററായി.

Latest News