Sorry, you need to enable JavaScript to visit this website.

ഖമീസ് മുശൈത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന

അബഹ - ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭാധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി നിയമ ലംഘങ്ങൾ കണ്ടെത്തി. നഗരമധ്യത്തിലെ സൂഖുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോലീസുമായും ഗവർണറേറ്റുമായും ആരോഗ്യ വകുപ്പുമായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖയുമായും സഹകരിച്ചാണ് ഖമീസ് മുശൈത്ത് നഗരസഭാധികൃതർ പരിശോധനകൾ നടത്തിയത്. 
മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ച് ഉപയോക്താക്കളുടെ കടുത്ത തിരക്ക് അനുഭവപ്പെടുന്ന സ്ഥാപനങ്ങൾ കണ്ടെത്താനും മുൻകരുതൽ, പ്രതിരോധ നടപടികളും നഗരസഭാ വ്യവസ്ഥകളും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനുമാണ് പരിശോധനകൾ നടത്തിയതെന്ന് ഖമീസ് മുശൈത്ത് നഗരസഭാ മേധാവി എൻജിനീയർ മുഹമ്മദ് അൽഹുവൈത്തി പറഞ്ഞു. 
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നടത്തിയ വ്യാപാര സ്ഥാപനങ്ങളും പ്രതിരോധ നടപടികൾ ലംഘിച്ച വ്യാപാര സ്ഥാപനങ്ങളും പരിശോധനകൾക്കിടെ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തി എട്ടു മണിക്കൂർ നീണ്ട പരിശോധനക്കിടെ 43 സ്ഥാപനങ്ങൾ പിഴ ചുമത്തി അടപ്പിച്ചു. 53 അനധികൃത സ്റ്റാളുകൾ നീക്കം ചെയ്തു. 1,250 കിലോയിലേറെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ആകെ 305 വ്യാപാര സ്ഥാപനങ്ങളിലാണ് നഗരസഭാധികൃതർ കഴിഞ്ഞ ദിവസം മിന്നൽ പരിശോധനകൾ നടത്തിയത്. 

Latest News