ദുബായ് - ദുബായ് ക്രീക്കിലെ ഒഴുകുന്ന റെസ്റ്റോറന്റ് (ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ്) വെള്ളത്തിൽ മുങ്ങി. റെസ്റ്റോറന്റ് ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദുബായ് പോലീസ്, സിവിൽ ഡിഫൻസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ദുബായ് പോലീസ് സ്റ്റേഷൻ ഡയരക്ടർ കേണൽ ഡോ. ഹസൻ സുഹൈൽ അൽസുവൈദി പറഞ്ഞു.
തുറമുഖ സംരക്ഷണ സേന, സിവിൽ ഡിഫൻസ്, മറൈൻ ഫയർ ആന്റ് റെസ്‌ക്യൂ ടീം എന്നിവയോടൊപ്പമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുങ്ങിക്കൊണ്ടിരുന്ന റെസ്റ്റോറന്റ് അധികം വൈകാതെ ഉയർത്താൻ സാധിച്ചതായി മാരിടൈം റെസ്‌ക്യൂ വിഭാഗം മേധാവി ലഫ്. കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് ഡൈവർമാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൂടുതൽ ആഴത്തിലേക്ക് മുങ്ങിപ്പോകാതിരിക്കാൻ സമയോചിതമായ ഇടപെടൽ സഹായകമായി. ബോട്ടിന്റെ ബാലൻസ് തെറ്റാതെ ക്രെയിൻ ഉപയോഗിച്ച് അതിവിദഗ്ധമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. റെസ്റ്റോറന്റിനകത്ത് കടന്ന വെള്ളം ഇതേ സമയം സിവിൽ ഡിഫൻസ് വിഭാഗം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുകയും ചെയ്തു. വെള്ളം പുറത്തെത്തിയതോടെ ബോട്ടിന്റെ ഭാരം കുറയുകയും വേഗം യഥാസ്ഥാനത്തേക്ക് ഉയർത്തിവെക്കാനും സാധിച്ചു. വൈകുന്നേരങ്ങളിൽ സജീവമാകുന്ന നിരവധി ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റുകൾ ദുബായ് ക്രീക്കിലുണ്ട്. പാർട്ടികൾ നടത്താൻ മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇവ തെരഞ്ഞെടുക്കാറുണ്ട്. വാരാന്ത്യങ്ങളിലും വിശേഷ ദിവസങ്ങളിലും ഈ റെസ്റ്റോറന്റുകളിൽ തിരക്കേറും. 25 ദിർഹം മുതൽ 50 ദിർഹം വരെയാണ് ഒരാൾക്ക് രാത്രി ഭക്ഷണത്തിന് ചെലവ് വരുന്നത്. ക്രീക്കിന്റെ മനോഹാരിതയിൽ ഭക്ഷണം ആസ്വദിക്കാം എന്നതാണ് ഈ ബോട്ടുകളിലെ റെസ്റ്റോറന്റുകളുടെ പ്രത്യേകത.






