കാലിഫോര്‍ണിയ- വിലപ്പെട്ട കുടുംബചിത്രങ്ങളും ലൈസന്‍സും പണവും അടക്കം അര നൂറ്റാണ്ടോളം കാലം മുമ്പ് നഷ്ടപ്പെട്ട പെഴ്സ് ഒടുവില്‍ ഉടമയുടെ കയ്യില്‍ തിരിച്ചെത്തി. സതേണ്‍ കാലിഫോര്‍ണിയയിലെ ചരിത്രപ്രസിദ്ധമായ മജസ്റ്റിക് വെന്‍ചുറ തീയറ്റര്‍ പൊളിച്ചു പണിയുന്നതിനിടെ ഒരു ജോലിക്കാരനാണ് പഴകിയ ഒരു പെഴ്സ് ലഭിച്ചത്. തുറന്നു നോക്കിയപ്പോള്‍ 1976ല്‍ കാലവധി തീര്‍ന്ന ഒരു ലൈസന്‍സ്, കുറച്ച് ഫോട്ടോകള്‍, 1973ലെ ഒരു സംഗീത പരിപാടിയുടെ ടിക്കറ്റ് എന്നിവയായിരുന്നു അതില്‍. സോഡാ കുപ്പികളും പഴകിയ മിഠായി കടലാസുകളും ടിക്കറ്റ് തുണ്ടുകളും കൂട്ടിയിട്ട ഒരു മൂലയിലാണ് പെഴ്സ് കിടന്നിരുന്നത്.
ഇത് കണ്ടെടുത്ത ടോം സ്റ്റീവന്‍സ് കാലപ്പഴക്കത്തിന്റെ കൗതുകത്തില്‍ പെഴ്സിന്റെ യഥാര്‍ത്ഥ ഉടമയെ തേടി ചിത്രങ്ങളും കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവച്ചു. പഴകിയ ലൈസന്‍സില്‍ പറയുന്ന കൊളീന്‍ ഡിസ്റ്റിന്‍ എന്ന വനിതയെ അറിയുന്നവര്‍ വിവരം നല്‍കൂ, അവര്‍ക്ക് ഈ പെഴ്സ് കൈമാറാം എന്നായിരുന്നു സന്ദേശം. ഇത് നിരവധി പേര് ഏറ്റുപിടിച്ചു. അങ്ങനെയാണ് ഒടുവില്‍ വെന്ചുറയില് തന്നെ താമസക്കാരിയായ വയോധിക കൊളീന്‍ ഡിസ്റ്റിന്‍ വിവരം അറിയുന്നത്.
പലരില്‍ നിന്നും വിവരം അറിഞ്ഞെങ്കിലും ആദ്യം പ്രതികരിക്കാന്‍ പോയില്ല. പിന്നീട് മേയ് 25നാണ് താനാണ് ആ കൊളീന്‍ ഡിസ്റ്റിന്‍ എന്ന് ഇവര്‍ വെളിപ്പെടുത്തിയത്. ഇതറിഞ്ഞ ടോം സ്റ്റീവന്‍സ് മണിക്കൂറുകള്‍ക്കം പെഴ്സ് ഇവരുടെ കയ്യിലെത്തിച്ചു. നിധി കിട്ടിയ പോലെ എന്നായിരുന്നു അവരുടെ പ്രതികരണം. അന്ന് തനിക്ക് 20കളിലായിരുന്നു പ്രായമെന്ന് കൊളീന്‍ പറയുന്നു. കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് താഴെ വീണുപോയതായിരുന്നു. പെഴ്സില്‍ 200 ഡോളറിന്റെ ചെക്കും അഞ്ചു ഡോളറിന്റെ ഒരു ടിക്കറ്റും ഫോട്ടോകളും ഉണ്ടായിരുന്നതായി അവര്‍ ഓര്‍ത്തു.