ചെന്നൈ- ചെന്നൈക്കടുത്ത വണ്ടല്ലൂര്‍ സൂവോളജിക്കല്‍ പാര്‍ക്കില്‍ ഒമ്പത് സിംഹങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു പെണ്‍ സിംഹം ഇവിടെ ചത്തിരുന്നു. മൃഗശാലയിലെ സഫാരി പാര്‍ക്ക് പ്രദേശത്ത് കഴിയുന്ന സിംഹങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവിടെ കഴിയുന്ന സിംഹങ്ങളില്‍ വിവിധ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തുകയായിരുന്നു. പാര്‍ക്കിലെ വെറ്ററിനറി സംഘവും തമിഴ്‌നാട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ സംഘവും ചേര്‍ന്നാണ് സിംഹങ്ങളെ പരിശോധിച്ചത്. 11 സിംഹങ്ങളില്‍ നിന്ന് ശേഖരിച്ച സ്രവങ്ങള്‍ ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. ഇവിടെ നിന്നാണ് ഒമ്പത് സിംഹങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മൃഗശാലയിലെ മറ്റൊരിടത്ത് കഴിയുന്ന പെണ്‍സിംഹം ചത്തിരുന്നു. ഒമ്പതു വയസ്സുണ്ടായിരന്ന ഈ സിംഹത്തിന് പ്രത്യക്ഷ രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സൂ അധികൃതര്‍ പറഞ്ഞു. ഈ സിംഹത്തിനും കോവിഡ് ബാധിച്ചിരുന്നതായി സംശയിക്കപ്പെടുന്നു. ഫലം ഉറപ്പാക്കുന്നത് സാംപിളുകള്‍ ബറേലിയിയെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജിയിലേക്കും പരിശോധനയ്ക്ക് അയച്ചിരുന്നതായി സൂ അധികൃതര്‍ പറഞ്ഞു.






