മലപ്പുറം-ജില്ലയിലെ കോവിഡ് വാക്സിനേഷന് ജനങ്ങള്‍ക്കു കൂടുതല്‍ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിനുവേണ്ടി കര്‍മപദ്ധതി തയാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനപ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക കര്‍മപദ്ധതി തയാറാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ വാക്സിനേഷന് നല്‍കിയിരുന്നത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത്, കുത്തിവയ്പ് കേന്ദ്രവും തിയതിയും ലഭിച്ചവര്‍ക്ക് ആയിരുന്നു. ഇതു പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും അലോട്ടുമെന്റ് കിട്ടാതെ വരികയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ വാക്സിനേഷന് ലഭിക്കേണ്ടവര്‍ അതതു പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളേയോ അല്ലെങ്കില്‍ അവര്‍ നിശ്ചയിക്കുന്ന കുത്തിവയ്പ് കേന്ദ്രങ്ങളെയോ സമീപിക്കണം. ഈ കേന്ദ്രങ്ങളില്‍ അവരുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിച്ച് അവര്‍ക്ക് വാക്സിന് നല്‍കും.






