Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

ജീവിക്കാൻ മറന്ന അരസികന്മാർ

പൂക്കളോടൊത്ത് ആടിപ്പാടി നൃത്തം ചെയ്യുകയായിരുന്ന ആ വൃദ്ധനായ പൂന്തോട്ടക്കാരനെ കണ്ട ഒരു ചെറുപ്പക്കാരൻ അടുത്ത് ചെന്ന് അദ്ദേഹത്തോട്  ചോദിച്ചു.
താങ്കൾ ഇങ്ങനെ  സ്‌നേഹം, പ്രേമം എന്നൊക്കെ പലവുരു പറഞ്ഞാടിപ്പാടി ഉല്ലസിക്കുന്നുണ്ടല്ലോ?  എന്താണ് സ്‌നേഹം ഒന്ന് വിശദീകരിക്കാമോ?
ഇത് കേട്ട പൂന്തോട്ടക്കാരൻ പുഞ്ചിരിച്ചു.
ആടിയും പാടിയും ചെടികളെ  നനച്ചും പൂക്കളെ തലോടിയും അദ്ദേഹം തോട്ടത്തെ പരിപാലിക്കുന്നത്  തുടർന്നു.
പണ്ഡിതൻ എന്ന് സ്വയം നടിച്ച് നടക്കുന്ന  യുവാവിന് ഇത് കണ്ട് നീരസമായി.  താങ്കൾ ഈ തുള്ളലും ചാടലും നിർത്തി  എന്റെ ചോദ്യത്തിന്  ഉത്തരം പറയൂ.  എന്താണ് സ്‌നേഹം? ഇത്തവണ  പൂന്തോട്ടക്കാരൻ  പറഞ്ഞു: ഞാൻ സ്‌നേഹിക്കുകയാണ്. എന്റെ ഈ നൃത്തത്തിലും പാട്ടിലും പ്രവൃത്തിയിലും   നിങ്ങൾക്ക് സ്‌നേഹം കാണാൻ കഴിയുന്നില്ലെങ്കിൽ  എങ്ങനെയാണ് ഞാനത്    നിർത്തിവെച്ച് സ്‌നേഹത്തെപ്പറ്റി പറഞ്ഞാൽ  താങ്കൾക്ക്   മനസ്സിലാവുക?
ഇത് കേട്ട ഗർവിഷ്ഠനായ യുവാവ് ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി. ഞാൻ സാധാരണ ഗ്രാമീണനൊന്നുമല്ല; വേദങ്ങളും ശാസ്ത്രങ്ങളും  പഠിച്ചവനാണ്.  വിഡ്ഢികളോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കാതിരിക്കുക.
ഇത് കേട്ടതും  ജ്ഞാന വൃദ്ധൻ പാടാൻ തുടങ്ങി. 'പണ്ടൊരു പൂന്തോട്ടമുണ്ടായിരുന്നു. പൂക്കാലമായപ്പോൾ ചെടികളിൽ നിറയെ പൂക്കളായി. തോട്ടക്കാരൻ ആടിപ്പാടി ആനന്ദിച്ചു. ഇത് കണ്ട ഒരു സ്വർണ പ്പണിക്കാരൻ തോട്ടത്തിലെത്തി ചോദിച്ചത്രേ: ഇത്രമേൽ ആനന്ദിക്കാനിതെന്തു കാര്യം?
കാണുന്നില്ലേയീ പൂക്കളുടെ   ചന്തം, '
ചൊല്ലി തോട്ടക്കാരൻ? പരിശോധിക്കാതെ എനിക്ക് വിശ്വസിക്കാനാവില്ലെന്നായി സ്വർണപ്പണിക്കാരൻ. തന്റെ ബാഗിൽ നിന്നും ഉരക്കല്ലെടുത്ത് അയാൾ പൂക്കളിലുരച്ചു. ഇതതിന്  സ്വർണമല്ലല്ലോ? അയാൾ പറഞ്ഞു.
പൂക്കളത് കേട്ട്  ചിരിച്ചിരിക്കണം, ഒപ്പം ആകാശവും. 'വൃദ്ധൻ പാട്ട് നിർത്തി യുവപണ്ഡിതനോട് പറഞ്ഞു. യുക്തി കൊണ്ട് സ്‌നേഹത്തെ പഠിക്കാൻ വന്ന താങ്കളും ആ സ്വർണപ്പണിക്കാരനെ പോലെ തന്നെ.' പാട്ട് കേട്ടതും  ചെറുപ്പക്കാരന്റെ ശിരോഭാരം പൊടുന്നനെയുടഞ്ഞില്ലാതായി വിനീതനായെന്നാണ് കഥ.
ചുറ്റിലും ഒന്ന് കണ്ണോടിച്ചു നോക്കൂ. എത്രയെത്ര പേരാണ് ജീവിതാനന്ദം തേടി പൊറുതി കിട്ടാതെ അലയുന്നവർ? സ്‌നേഹത്തിനായി ഗതി കിട്ടാതെ പിടയുന്നവർ? സ്വത്തിനും അധികാരത്തിനുമായി നെട്ടോട്ടമോടി വഴി തെറ്റി ഉഴലുന്നവർ? അത്തരക്കാരെ കെണിയിട്ട് പിടിച്ച് ജീവിതാനന്ദ
പൊടിക്കൈകൾ  വിറ്റ് കാശാക്കുന്നവർ വേറെ. വേദം പഠിച്ചവരെന്ന് സ്വയം മേനി നടിക്കുന്നവർ ഉദ്‌ബോധന വാചാലതയ്ക്ക് മികച്ച ഫോളോവേഴ്‌സിനെ തേടിക്കൊണ്ട്  അതിലേറെ.  ആർത്തിയും അശഌലവും   അക്രമവും അനീതിയും  പതിവില്ലാത്ത വിധം അഭംഗുരം   രംഗം കീഴടക്കിക്കൊണ്ടിരിക്കുന്നു.
ലോക്ഡൗണുകളും സാമൂഹ്യ അകല പാലനവും  മറ്റു അപ്രതീക്ഷിത വിലക്കുകളും ഈ കിതച്ചോട്ടങ്ങൾ മാത്രമല്ല  ജീവിതമെന്ന് സവിശേഷമായി  പഠിപ്പിച്ചിട്ടും പലർക്കും ഗുണപരമായി തെല്ലിട നിൽകാനും  ആത്മവിചിന്തനം നടത്താനും കഴിയുന്നില്ല എന്നതാണ് വസ്തുത.
ദൈനംദിന കാര്യങ്ങളിൽ, ഉറ്റ  ബന്ധങ്ങളിൽ, കടമകളിൽ ബാധ്യതകളിൽ, ആനന്ദം കണ്ടെത്താൻ കഴിയാത്ത ഒരാൾക്ക് എത്ര വായിച്ചാലും പഠിച്ചാലും സമ്പാദിച്ചാലും അസ്വസ്ഥ ഭരിതമായ പരിഭവമായിരിക്കും എപ്പോഴും. തിരക്കെല്ലാമൊഴിഞ്ഞിട്ട് വേണം ഇണയോടും  മക്കളോടും പ്രകൃതിയോടുമൊക്കെ സ്‌നേഹത്തിലാവാനെന്ന് കരുതുന്ന അത്തരം   നിർഭാഗ്യവാൻമാർ എത്രയെത്രയുണ്ടെന്നറിയാമോ?  പഠനവും തൊഴിലും സമ്പാദിക്കലും കഴിയുമ്പോഴേക്കും ജീവിതകാലം സിംഹഭാഗവും കഴിഞ്ഞു പോവുന്ന കാര്യം അവർ അറിയുന്നില്ല. പൈതങ്ങളുടെ കൊഞ്ചലും പാൽ പുഞ്ചിരിയും അവർ കാണാറില്ല. വയോധികരായ മാതാപിതാക്കളുടെ  മൗന നൊമ്പരങ്ങൾക്കവർ  കാതോർക്കാറില്ല. കിളിയൊച്ച കേൾക്കാതെ, പൂക്കളെ തലോടാതെ,  കുളിർ നിലാവിന്റെ ചന്തമാസ്വദിക്കാതെ, പുലർകാല ചാരുത നുകരാതെ, സന്ധ്യയുടെ കടലോര വർണങ്ങളിൽ ഒരിക്കലെങ്കിലും രമിക്കാതെ, ഉളളറിഞ്ഞ ഉദാരതയുടെ  ഉൽക്കൃഷ്ട രുചിയറിയാതെ, നിസ്വാർത്ഥ സേവനത്തിന്റെ തെളിനീരിൽ മുങ്ങി നിവരാതെ, കനിവാർന്ന വാക്കിനാൽ സഹജീവികൾക്ക് ആത്മധൈര്യം പകരാതെ അങ്ങനെ  എത്ര പേരാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോവുന്നത്? ലാഭനഷ്ടങ്ങളുടെ മാത്രം കണക്ക് കൂട്ടിയും കിഴിച്ചും  തളർന്നവശരായി   ജീവിക്കാൻ മറന്നുപോവുന്ന ഹതഭാഗ്യവാന്മാരായ  അരസികൻമാരാണ് അവർ.


 

Latest News