Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

പ്രസവ ശുശ്രൂഷ എന്ന പൊങ്ങച്ചം

ഒരു സഹായി എന്ന നിലയിൽ മറ്റാരും സഹായിക്കാനില്ലാത്ത സാഹചര്യങ്ങളിൽ ആരെയെങ്കിലും വീട്ടുവേലക്കായി നിർത്തുന്നതിനെ  അല്ല വിമർശിക്കുന്നത്. മറിച്ച് ഒരു പ്രസവ ശുശ്രൂഷക്കാരിയെ നിർത്തിയില്ലെങ്കിൽ അതൊരു മാനക്കേടാണ് എന്ന് കരുതി ഈ പൊങ്ങച്ചത്തിന് പിന്നാലെ പോകുന്നവരെക്കുറിച്ചാണ്. 

പണ്ടുകാലത്ത് ചില പ്രത്യേക വിഭാഗങ്ങൾ അവരുടെ കുലത്തൊഴിലിന്റെയും ജീവസന്ധാരണത്തിന്റെയും ഭാഗമായി ചെയ്തുപോന്നിരുന്ന പ്രസവാനന്തര സേവനങ്ങൾ കാലം മാറിയതോടെ പ്രസവ ശുശ്രൂഷ എന്ന പേരിൽ പുതിയൊരു പൊങ്ങച്ച സംസ്‌കാരം ആയി രൂപം മാറി വന്നിരിക്കുകയാണ്. ഇതിന്റെ ധനനഷ്ടം മാത്രമല്ല ഇവിടെ പ്രശ്‌നം. അശാസ്ത്രീയമായ ശുശ്രൂഷകളിലൂടെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനുണ്ടായേക്കാവുന്ന അപകട സാധ്യത കൂടിയാണ് മുഖ്യ വിഷയം.


ഒരു സഹായി എന്ന നിലയിൽ മറ്റാരും സഹായിക്കാനില്ലാത്ത സാഹചര്യങ്ങളിൽ ആരെയെങ്കിലും വീട്ടുവേലക്കായി നിർത്തുന്നതിനെ  അല്ല ഞാനിവിടെ വിമർശിക്കുന്നത്. മറിച്ച് ഒരു പ്രസവ ശുശ്രൂഷക്കാരിയെ നിർത്തിയില്ലെങ്കിൽ അതൊരു മാനക്കേടാണ് എന്ന് കരുതി ഈ പൊങ്ങച്ചത്തിന് പിന്നാലെ പോകുന്നവരെക്കുറിച്ചാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർ പോലും കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ഇടയിൽ തങ്ങൾക്ക് കുറച്ചിൽ സംഭവിക്കും എന്നോർത്ത് പ്രസവ ശുശ്രൂഷക്കാരെ നിർത്തുന്നത് ഇന്നൊരു പതിവാണ്.
പ്രസവശുശ്രൂഷ എന്നത് 40 ദിവസത്തെ ഒരു പാക്കേജ് ആണ്. 40,000 രൂപ മുതൽ 60,000 രൂപ വരെയാണ് ഇതിന് ചാർജ്. കൂടാതെ പുതുവസ്ത്രങ്ങൾ, നവജാത ശിശുവിനെ ബന്ധുക്കൾ കാണുമ്പോൾ കാശ്, കുട്ടിയുടെ മുടി കളയുമ്പോൾ കാശ്, പ്രസവിച്ച സ്ത്രീക്ക് കുളിക്കാൻ വെള്ളം ചൂടാക്കാൻ ആദ്യമായി കലം അടുപ്പിൽ വെക്കുമ്പോൾ ദക്ഷിണ, 15 ദിവസം കഴിഞ്ഞ് കലമെടുത്തു മാറ്റുമ്പോൾ ദക്ഷിണ തുടങ്ങി ഒട്ടേറെ മാമൂലുകളും അനാചാരങ്ങളും ഈ രംഗത്തുണ്ട് .
നവജാത ശിശുവിനെയും അമ്മയെയും പരിചരിക്കുക, അവർക്ക് ഭക്ഷണം നൽകുക, അവരെ കുളിപ്പിക്കുക, അവരുടെ വസ്ത്രം വൃത്തിയാക്കി വെക്കുക ഇതൊക്കെയാണ് ഇവരുടെ പ്രധാന ചുമതലകൾ. കൂടാതെ ആയുർവേദ മരുന്നുകൾ വിധിപ്രകാരം തയാറാക്കി പ്രസവിച്ച സ്ത്രീക്ക് നൽകലും ഇവരുടെ ഉത്തരവാദിത്തമാണ്. ഈ മരുന്ന് തയാറാക്കൽ ഭാരിച്ച പണച്ചെലവുള്ള ഒരു ഏർപ്പാടാണ് എന്നത് വേറെ കാര്യം. പ്രസവിച്ച സ്ത്രീയെ 40 ദിവസം കൊണ്ട് തടിപ്പിച്ചു കൊഴുപ്പിക്കുക  എന്നത് പ്രസവ ശുശ്രുഷക്കാരുടെ ലക്ഷ്യമാണ്. പ്രസവിച്ച സ്ത്രീ വണ്ണം വെച്ചാൽ അത് ശുശ്രൂഷക്കാരിയുടെ മേന്മയായാണ്  കരുതപ്പെടുന്നത്. ഇത് ഇവരുടെ ഡിമാൻഡ് വർധിപ്പിക്കുമത്രേ. ഇതിനു വേണ്ടി ഇവർ അമിത കലോറിയുള്ള നെയ്യും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളും മരുന്നുകളും നിർബന്ധിച്ച് കഴിപ്പിക്കും.
കുട്ടിയുടെ പരിചരണം തീർത്തും അശാസ്ത്രീയമായ രീതിയിലാണ് ഇവർ നിർവഹിച്ചു പോരുന്നത്. ഉയർന്നുനിൽക്കുന്ന നെറ്റി, താഴ്ന്നു നിൽക്കുന്ന മൂക്ക്, ചെറിയ വളവുകളുള്ള കാലുകൾ, മുഴച്ചുനിൽക്കുന്ന തല ഇവയെല്ലാം ഉഴിഞ്ഞ് ശരിയാക്കാം എന്നാണ് ഇവരുടെ വിചാരം. കുഞ്ഞ് കരഞ്ഞു പുളയുമ്പോഴും  ഇവർ ഇത് നിർത്തുകയില്ല. ഇതൊക്കെ ഏതാനും ആഴ്ചകൾക്കുള്ളിൽ സ്വാഭാവികമായി താനെ ശരിയാകും എന്നെങ്ങാനും പറഞ്ഞു പോയാൽ 'കൊറ്റി എത്ര കുളം കണ്ടിരിക്കുന്നു' എന്നാകും ഇവരുടെ പ്രതികരണം. കാരണം കാലങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണിവർ. കാലം മാറിയതോ ശാസ്ത്രം വളർന്നതോ ഒന്നും ഇവർ അറിഞ്ഞിട്ടില്ല.
പ്രസവിച്ചു കിടക്കുന്ന സ്ത്രീ മുറി വിട്ട് 40 ദിവസം പുറത്ത്  ഇറങ്ങരുത്.  ഇറങ്ങിയാൽ പിശാച് വരും. മുടി ചീകരുത്. മലർന്നു വടി പോലെ കിടക്കണം. പ്രസവിച്ച ഉടനെ മുലപ്പാൽ കുറവുണ്ടെങ്കിൽ ഫോർമുല മിൽക്ക് കൊടുക്കാൻ പാടില്ല തുടങ്ങിയ അന്ധവിശ്വാസങ്ങളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്.
വയർ തുണി കൊണ്ട് വരിഞ്ഞുമുറുക്കിക്കെട്ടുക. ആവി പാറുന്ന തിളച്ച വെള്ളം കൊണ്ട് കുളിപ്പിക്കുക. മുറിവുണങ്ങാൻ എന്ന പേരിൽ ചൂടുള്ള വെള്ളം എറിഞ്ഞു ഒഴിക്കുക. ഇതൊക്കെ പ്രസവിച്ച സ്ത്രീകൾ ഏൽക്കേണ്ടി വരുന്ന പീഡനങ്ങൾ തന്നെയാണ്. പ്രസവം കഴിഞ്ഞു മാനസികമായും ശാരീരികമായും തളർന്നവർക്ക് ഇതിനെതിരെ കാര്യമായി പ്രതികരിക്കാനും ഈ സമയത്തു കഴിയില്ല -പ്രത്യേകിച്ചും കന്നി പ്രസവക്കാർക്ക്്്
സത്യസന്ധതയും ആത്മാർത്ഥതയും ഉള്ള പ്രസവ ശുശ്രൂഷക്കാരെ കണ്ടെത്തുക നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം പ്രസവ ശുശ്രുഷക്കാർ എണ്ണത്തിൽ വളരെ കുറവാണ്. നല്ല ഒരാളെ കിട്ടിയില്ലെങ്കിൽ ധനനഷ്ടം മാത്രമല്ല സംഭവിക്കുക, വീട്ടിലെ സമാധാനവും നഷ്ടമാകും. ഇവരിൽ കള്ളനാണയങ്ങളും ഏറെയുണ്ട്. 
വീട്ടിൽ അമ്മയോ സഹോദരിമാരോ മറ്റു ബന്ധുക്കളോ ഉള്ളവരാണെങ്കിൽ പ്രസവ ശുശ്രൂഷക്ക് വേണ്ടി ആളെ നിർത്തേണ്ട ഒരാവശ്യവും ഇല്ല.  വാട്ടർ ഹീറ്റർ, ഷവർ, വാഷിംഗ് മെഷീൻ പോലുള്ളവ ഉള്ള വീടുകളാണെങ്കിൽ കാര്യങ്ങൾ കുറെ കൂടി എളുപ്പമാണ്. വിദേശങ്ങളിലൊക്കെ പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം സ്ത്രീകൾ ജോലിക്ക് പോയിത്തുടങ്ങും  എന്ന് കേട്ടിട്ടുണ്ട്. എന്റെ ഉമ്മ എന്നെയും എന്റെ ജ്യേഷ്ഠനെയും പ്രസവിച്ചത് വിദേശത്ത് വെച്ചാണ്. അവിടെ ഉമ്മയ്്ക്ക് ഏതാനും ദിവസം ചില കുടുംബ സുഹൃത്തുക്കളുടെ സഹായം ഉണ്ടായതൊഴിച്ചാൽ പ്രസവ ശുശ്രൂഷക്കാരോ മറ്റു സഹായികളോ ഉണ്ടായിരുന്നില്ല.
നമ്മുടെ കൈയിലെ പണം മുടക്കി ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന ഇത്തരം അബദ്ധങ്ങളും അശാസ്ത്രീയതകളും പ്രചരിപ്പിക്കുന്ന ഈ പൊങ്ങച്ച ശുശ്രൂഷ നമുക്ക് വേണോ എന്ന് നമ്മൾ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.

Latest News