Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

കോവിഡ് കൊണ്ടുപോയ സഹപ്രവർത്തകർക്ക് വേണ്ടി...

കോവിഡ് ജീവനപഹരിച്ച സഹപ്രവർത്തകരുടെ ജീവിതം പ്രമേയമാക്കി ഇൻകാസ് പേരാമ്പ്ര മണ്ഡലം തയാറാക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഖത്തറിൽ കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്ന, തുടർന്ന് കോവിഡ് ബാധിതനായി മരണപ്പെട്ട ഖത്തർ ഇൻകാസിന്റെ പ്രവർത്തകൻ തലശ്ശേരി കതിരൂർ സ്വദേശി റഹീം റയാന്റെയും ദുബായ് ഇൻകാസിന്റെ പ്രവർത്തകനും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന നിതിൻ ചന്ദ്രന്റെയും ജീവിതത്തെ ആസ്പദമാക്കി ഖത്തർ ഇൻകാസ് പേരാമ്പ്ര മണ്ഡലത്തിന്റെ ബാനറിൽ സജിത്ത് സഹൃദയയാണ് വൺസ് അപ്പോൺ എ ടൈം ഇൻ ദോഹ എന്ന പേരിൽ ഷോർട്ട് ഫിലിം സംവിധാനം ചെയ്തത്.
ഉറവ വറ്റാത്ത സഹജീവി സ്‌നേഹത്തെ പരിപോഷിപ്പിക്കാനും സേവന വഴികളിൽ ജീവൻ ബലിയർപ്പിച്ച സന്നദ്ധ സേവകരെ ഓർമിക്കാനും അവരുടെ കുടുംബത്തിന് സാന്ത്വനമാവാനുമുള്ള ഉദ്യമമാണ് ഈ ചിത്രത്തിന്റെ ഉൾപ്രേരണയെന്ന് ചിത്രത്തിന്റെ സംവിധായകൻ സജിത്ത് സഹൃദയ പറഞ്ഞു. ലോകമാസകലം വിശ്രമമില്ലാതെ ഈ മഹാമാരിയോട് പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കും കുടുംബത്തിനുമുള്ള സമർപ്പണം കൂടിയാണ് ഈ ചിത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റേതു തന്നെയാണ്.
ഒരു സൂക്ഷ്മജീവി ജനജീവിതത്തെയും ജീവനെയും അപഹരിച്ചു കൊണ്ട് നൃത്തമടുന്ന വിചിത്രമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സന്ദിഗ്ധമായ ഈ ഘട്ടത്തിൽ അങ്ങനെയുള്ള അപൂർവമായൊരു ചരിത്രത്തിന്റെ ഭാഗമാകാൻ നിയോഗം ലഭിച്ചപ്പോൾ നമ്മുടെ ഇടയിൽ നിന്നും അതിജീവനത്തിന്റെ മനുഷ്യ പോരാട്ടങ്ങളിൽ പതറാതെ മുന്നിൽ നിന്ന് നയിച്ച ആരോഗ്യ പ്രവർത്തകർക്കും വറുതി കാലത്ത് ആയിരക്കണക്കിന് ഭക്ഷണപ്പൊതികളും രക്തദാനവും സേവന പ്രവർത്തനങ്ങളുമായി അവസാന ശ്വാസം വരെ സേവനനിരതരായ റഹീൻ റയാനെ പോലെയുള്ള സന്നദ്ധ പ്രവർത്തകർക്കും സമർപ്പിച്ചിരിക്കുന്ന ചിത്രം ചിന്തോദ്ദീപകമായ പല ആശയങ്ങൾക്കും തിരികൊളുത്തുന്നതാണ്. സഹജീവി സ്‌നേഹത്തിന്റെയും സേവന പ്രവർത്തനങ്ങളുടെയും ഓട്ടപ്പാച്ചിലിനിടയിൽ കൊറോണ ബാധിച്ച് ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും തന്റെ ആരോഗ്യത്തേക്കാളും പ്രയാസപ്പെടുന്നവർക്ക് സഹായ കിറ്റുകളും സേവനവും നൽകുന്നതിനെക്കുറിച്ച് ഓർമപ്പെടുത്തുന്ന നിസ്വാർഥ സേവനത്തിന്റെ പ്രതീകങ്ങളെ ഏറെ ഹൃദയസ്പർശിയായ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒടുവിൽ കൊറോണ ജീവനപഹരിക്കുമ്പോൾ മൃതദേഹം പോലും കാണാനാവാതെ വിതുമ്പുന്ന കുടുംബാംഗങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളെ മനോഹരമായി ഒപ്പിയെടുത്ത ചിത്രം ഏതൊരു പ്രവാസിയുടെയും കണ്ണു നനയിപ്പിക്കുന്നതാണ്. 8 മിനിറ്റ് ദൈർഘ്യമുളള സന്ദേശ പ്രധാനമായ ഈ ചിത്രം പ്രവാസി ജീവിതത്തിന്റെ മറ്റൊരു നേർചിത്രം കൂടിയാണ്.
റഹീം റയാന്റെ പേരിൽ ഹമദ് ഹോസ്പിറ്റലിൽ വെച്ച് എല്ലാ മൂന്ന് മാസം കൂടുമ്പോഴും നടക്കുന്ന രക്തദാന ക്യാമ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ ആതുര ശുശ്രൂഷ ചെയ്യുവാനായവർ എന്ന മനോഹരമായ ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്ത വിമൽ വാസുദേവിന്റെ കവിതാലാപനത്തോടെയാണ് പരിപാടി തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന പരിപാടി ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.


ആഷിഖ് അഹമ്മദ്, അഷ്റഫ് വടകര, സുരേഷ് ബാബു നൊച്ചാട് എന്നിവർ സന്നിഹിതരായ ചടങ്ങിൽ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് അമീർ കെ.ടി. അധ്യക്ഷനായിരുന്നു. സജിത്ത് സഹൃദയ സ്വാഗതവും ഹാഫിൽ ഓട്ടുവയൽ നന്ദിയും പറഞ്ഞു.
ഇൻകാസ് കേന്ദ്ര കമ്മിറ്റി അംഗം ബഷീർ നന്മണ്ട പ്രധാന വേഷം ചെയ്തിരിക്കുന്ന ചിത്രത്തിൽ സുരേഷ് ബാബു, നസീം അ്ഷ്‌റഫ്, ഹഫീൽ, അമീർ കെ.ടി, ജിതീശ് നരിപ്പറ്റ, നിമ്മി, ഓമി, നദീം മാന്നാർ, അൽതാഫ്, നസീം, നജീബ് വടകര, ആഷിഖ് അഹ്മദ്, അമീൻ അരോമ, പിയാസ് എന്നിവരും വേഷമിട്ടു. ഐഷ സജിത്, അയ്‌റ മറിയം, ഓമി, എം.എച്ച് തയ്യിൽ എന്നിവരായിരുന്നു ഡബ്ബിംഗ് ചെയ്തത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എം.എച്ച് തയ്യിലും പശ്ചാത്തല സംഗീതം ഒരുക്കിരിക്കുന്നത് കൃഷ്ണകുമാർ ബോംബെയുമാണ്. അരോമ ഗ്രൂപ്പ് പ്രായോജകരായ ചിത്രത്തിൽ ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ് സഹപ്രായോജകരാണ്. ഷോർട്ട് ഫിലിം കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/QnhDMUbqo1M

Latest News