കോട്ടയം- കാല്‍നൂറ്റാണ്ട് തന്നെ പരിചരിച്ച പാപ്പാന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഗജവീരന്‍ എത്തിയത് വികാരനിര്‍ഭരമായ രംഗങ്ങള്‍ സൃഷ്ടിച്ചു.
ആനപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായ പല്ലാട്ട് ബ്രഹ്‌മദത്തന്റെ പാപ്പാന്‍ കോട്ടയം കൂരോപ്പട ളാക്കൂട്ടര്‍ കുന്നക്കാട്ടില്‍ ദാമോദരന്‍ നായര്‍ എന്ന ഓമനച്ചേട്ടന്‍ (73) ആണ് മരിച്ചത്. തന്നെ മകനെപ്പോലെ സ്‌നേഹിച്ച പ്രിയപ്പെട്ട പാപ്പാനെ അവസാനമായി കാണാനെത്തിയ പല്ലാട്ട് ബ്രഹ്‌മദത്തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ രണ്ടു മണിക്കൂറിനിടെ ആയിരക്കണക്കിന് ആളുകള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തു. ആയിരകണക്കിന് കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തിയ ബ്രഹ്‌മദത്തന്‍ കുറച്ചു നേരം തന്റെ പ്രിയപ്പെട്ട പാപ്പാനെ നോക്കിനിന്നു. അപ്പോള്‍ ഓമനച്ചേട്ടന്റെ മകന്‍ രാജേഷ് എത്തി, ബ്രഹ്‌മദത്തന്റെ കൊമ്പില്‍ പിടിച്ചു കരഞ്ഞു. പോകുന്നതിന് മുമ്പ് ഒരിക്കല്‍കൂടി ബ്രഹ്‌മദത്തന്‍ ഓമനച്ചേട്ടനെ നോക്കി തുമ്പിക്കൈ കൊണ്ടു വണങ്ങി. ഇത് കണ്ട് ബന്ധുക്കളുടെ ഉള്ളിലുണ്ടായിരുന്ന സങ്കടം നിലവിളിയായി പുറത്തേക്ക് വന്നു.. കണ്ടുനിന്നവരും കണ്ണീരണിഞ്ഞു.
അറുപതു വര്‍ഷത്തോളം പാപ്പാനായിരുന്ന ഓമനച്ചേട്ടന്‍ ഇരുപത്തിനാല് വര്‍ഷത്തിലേറെ ബ്രഹ്‌മദത്തനൊപ്പമായിരുന്നു. നേരത്തെ പുതുപ്പള്ളി ബ്രഹ്‌മദത്തന്‍ എന്നറിയപ്പെട്ടിരുന്ന ആന ഇപ്പോള്‍ പാലാ ഭരണങ്ങാനം അമ്പാറ പല്ലാട്ട് രാജേഷ് മനോജ് എന്നിവരുടെ ഉടമസ്ഥതയിലാണ്. അവിടെനിന്നാണ് ബ്രഹ്‌മദത്തന്‍ കൂരോപ്പടയിലെത്തിയത്. ഇത്ര ഇണക്കമുള്ള ആനയും പാപ്പാനും വേറെയുണ്ടായിട്ടില്ലെന്ന് ആനപ്രേമികള്‍ പറയുന്നത്. വാര്‍ധക്യത്തിലും അദ്ദേഹം ബ്രഹ്‌മദത്തനെ പിരിഞ്ഞില്ല.