മസ്‌ക്കത്തിലേക്കുള്ള യാത്രക്കാരൻ മുംബൈ വിമാനത്തിൽ; പണി കിട്ടിയത് എയർ ഇന്ത്യ ജീവനക്കാർക്ക്

മസ്കത്ത്- ദൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ അബദ്ധത്തിൽ മസ്‌ക്കറ്റിലേക്കുള്ള യാത്രക്കാരൻ കയറാനിടയായ സംഭവത്തിൽ രണ്ട് എയർ ഇന്ത്യ ജീവനക്കാർക്കെതിരെ നടപടി. മസ്‌ക്കത്തിലേക്ക് ബോർഡിങ് പാസെടുത്ത യാത്രക്കാരനെ മുംബൈ വിമാനത്തിൽ കയറ്റിയതിൽ വീഴ്ച കണ്ടെത്തിയാണ് രണ്ട് ജീവനക്കാരെ എയർ ഇന്ത്യ സസ്‌പെൻഡ് ചെയ്തത്. ഡിസംബർ 15നാണ് സംഭവം നടന്നത്. മുംബൈ വിമാനത്തിൽ കയറിയ യാത്രക്കാരൻ വിമാനത്തിനകത്തെ അനൗൺസ്‌മെന്റ് കേട്ടാണ് മാറിക്കയറിയ വിവരമറിഞ്ഞത്. ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. റൺവേയിലേക്കു നീങ്ങിയ വിമാനത്തെ ടെർമിനലിലേക്ക് തിരിച്ചുവിളിച്ച് മസ്‌ക്കത്തിലേക്കുള്ള യാത്രക്കാരനെ ഇറക്കുകയായിരുന്നു. നേരത്തെ തന്നെ വൈകിയ മുംബൈ വിമാനം ഈ സംഭവത്തോടെ ഒരു മണിക്കൂർ കൂടി വീണ്ടും വൈകി. വൈകുന്നേരം എട്ടു മണിക്ക് പറന്നുയരേണ്ട വിമാനം ഒമ്പതു മണിക്കാണ് പുറപ്പെട്ടത്.

മസ്‌ക്കത്തിലേക്ക് 8.20ന് പുറപ്പെടേണ്ട വിമാനം പറന്നുയർന്നത് 8.50നും. ഈ വിമാനവും വൈകിയത് മാറിക്കയറിയ യാത്രക്കാരന് അനുഗ്രഹമായി ഭവിക്കുകയായിരുന്നു. അബദ്ധം പിണഞ്ഞെങ്കിലും വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് മസ്‌ക്കത്ത് വിമാനത്തിൽ കയറാനായി.

ബോർഡിംഗ് കാർഡ് പരിശോധിക്കുന്ന സ്‌കാനർ സംഭവ ദിവസം പ്രവർത്തിക്കാതിരുന്നതാണ് അബദ്ധത്തിനു കാരണമായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. സ്‌കാനറിനു പകരം ജീവനക്കാർ നേരിട്ട് പരിശോധിച്ചാണ് യാത്രക്കാരെ കടത്തി വിട്ടത്. ഇതു പരിശോധിച്ച ജീവനക്കാരന്റെ ശ്രദ്ധക്കുറവാണ് അബദ്ധത്തിനിടയാക്കിയത്. മസ്‌ക്കത്ത് യാത്രക്കാരന്റെ അതേ സീറ്റ് നമ്പർ മുംബൈ വിമാനത്തിലും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

ടെർമിനലിലേക്ക് തിരിച്ചെത്തിച്ച വിമാനം വീണ്ടും സുരക്ഷാ പരിശോധനകൾക്കു വിധേയമാക്കി. ട്രാൻസിറ്റ് പാസഞ്ചർ കാർഡ് നൽകിയ മസ്‌ക്കത്ത് യാത്രക്കാരനെ വീണ്ടും പരിശോധനാ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷമാണ് മസ്‌ക്കത്ത് വിമാനത്തിലേക്ക് മാറിക്കയറാൻ അനുവദിച്ചത്.
 

Latest News