Sorry, you need to enable JavaScript to visit this website.

ജൂലൈ മുതൽ അബുദാബിയിൽ  എത്തിയാൽ ക്വാറന്റൈൻ വേണ്ട

അബുദാബി- ജൂലൈ മുതൽ അബുദാബിയിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് സാംസ്‌കാരിക, ടൂറിസം വകുപ്പ് അറിയിച്ചു. പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ഉണർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ടൂറിസം മേഖലക്കു പുറമെ, അബുദാബിയിലെ ഹോട്ടൽ വ്യവസായം, എർലൈനുകൾ തുടങ്ങിയവയ്ക്കും പുതിയ തീരുമാനം ഉന്മേഷം പകരും. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാവുമെന്നാണ് പ്രതീക്ഷ. 10 ദിവസം നിർബന്ധിത ക്വാറന്റൈൻ എന്ന വ്യവസ്ഥ കാരണം ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെയാണ് തീരുമാനം. നിലവിൽ ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ വാക്സിൻ എടുത്തവർക്ക് മാത്രമാണ് അബുദാബിയിൽ ക്വാറന്റൈൻ ഇളവുള്ളത്. എന്നാൽ, ഇവർ അബുദാബിയിൽ എത്തിയ ഉടനെയും ആറാം ദിവസവും കോവിഡ് ടെസ്റ്റ് നടത്തണം. 


ഗ്രീൻ പട്ടികയിൽ ഉൾപെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ 10 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇവർ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നടത്തണം. എന്നാൽ ജൂലൈ ഒന്നു മുതൽ ഇവർക്കു കൂടി ഇളവ് ബാധകമാകും. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ വരുന്നതിനും മുമ്പും എത്തിയ ഉടനെയും ഓരോ ടെസ്റ്റുകൾ നടത്തേണ്ടിവരും. ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾക്ക് ജൂൺ 30 വരെ യാത്രാ നിരോധനം നിലനിൽക്കുകയാണ്. ഇത് പിൻവലിക്കുന്ന കാര്യം വ്യക്തമല്ല. ഇന്ത്യയിലെ സ്ഥിതി ഇതേ അവസ്ഥയിൽ തുടരുകയാണെങ്കിൽ വിലക്ക് നീട്ടാനാണ് സാധ്യത.

 

Latest News