കൊച്ചി- കൊച്ചിയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ വെടിവയ്പ് നടത്തിയ കേസിലെ മൂന്നാം പ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ തുടങ്ങി. ലീന പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്ന് രവി പൂജാരി സമ്മതിച്ചു. അതേസമയം, വെടിവെപ്പ് നടത്തിയത് തന്റെ സംഘമല്ലെന്നും രവി പൂജാരി പറഞ്ഞു. വെടിവെയ്പുമായി ബന്ധപ്പെട്ട് രവി പൂജാരിയുടെ പങ്ക് തെളിയിക്കുന്ന തെളുവുകൾ കണ്ടെത്തുന്നതിനുള്ള ശ്രമമാണ് അന്വേഷണ സംഘം രവി പൂജാരിയെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. രവി പൂജാരി കുറ്റം സമ്മതിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിനോട് രവി പൂജാരി സഹകരിക്കുന്നുണ്ടെന്ന് എ ടി എസ് വൃത്തങ്ങൾ പറഞ്ഞു.
തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്) നെടുമ്പാശ്ശേരിയിലെ കേന്ദ്രത്തിലാണ് അതീവ സുരക്ഷയിൽ ചോദ്യം ചെയ്യൽ നടക്കുന്നത്. എ.ടി.എസ്. മേധാവി ഡി.ഐ.ജി. അനൂപ് കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. കേസിന്റെ അന്വേഷണചുമതല ക്രൈംബ്രാഞ്ചിനാണെങ്കിലും മേൽനോട്ടം വഹിക്കുന്നത് എ.ടി.എസാണ്. ഇന്ന് തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചും ചോദ്യം ചെയ്യൽ നടത്തും. രവി പൂജാരിക്ക് പങ്കുള്ള മറ്റ് ചില കേസുകളിലും ചോദ്യം ചെയ്യൽ നടക്കുന്നുണ്ട്. കാസർകോട് ബേവിഞ്ചയിലെ കരാറുകാരൻ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസുകളാണിത്. ഈ കേസിൽ രവി പൂജാരി പ്രതിയാണ്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
ബുധനാഴ്ച രാത്രി 8.50-നാണ് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും നിന്ന് രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തിച്ചത്.ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായ രവി പൂജാരിയെ ഈ മാസം എട്ട് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടിരുന്നു. നടപടികൾ പൂർത്തിയാക്കി വൈകിട്ട് നാലരയോടെയാണ് രവി പൂജാരിയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയത്. പിന്നീട് ബംഗളൂരു പോലിസിന്റെ സുരക്ഷാ അകമ്പടിയോടെ 5.30ന് വിമാനത്താവളത്തിലെത്തിച്ചു. 7.45ന് അവിടെ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു.രാത്രി 8.50 ഓടെ നെടുമ്പാശേരിയിൽ എത്തിച്ചത്. ബംഗളുരു ക്രൈം ബ്രാഞ്ചും സംഘത്തോടൊപ്പമുണ്ട്.
2018 ഡിസംബർ 15-നാണ് നടി ലീന മരിയ പോൾ നടത്തുന്ന പനമ്പിള്ളി നഗറിലെ എന്ന ബ്യൂട്ടി പാർലറിന് നേരെ വെടിവെപ്പുണ്ടായത്. ഇരുചക്ര വാഹനത്തിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. രക്ഷപെടും വഴി രവി പൂജാരിയെന്ന് എഴുതിയ ഒരു കുറിപ്പും ഇവിടെ ഉപേക്ഷിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രമണത്തിനു പിന്നിൽ രവി പൂജാരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.വെടിവെയ്പു മായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. വെടിവെപ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുൻപ് ലീനയെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.തന്റെ അറിവോടെയാണ് വെടിവയ്പ നടന്നതെന്ന വിവരം ബംഗളുരുവിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ രവി പൂജാരി സമ്മതിച്ചതായാണ് സൂചന. ലീനയെ വിളിച്ചതും സ്വകാര്യ ചാനലിലേക്ക് വിളിച്ചതും രവി പൂജാരി തന്നെയാണോയെന്ന് പരിശോധിക്കാൻ ഇയാളുടെ ശബ്ദ സാമ്പിൾ അന്വേഷണ സംഘം ശേഖരിക്കും.