ന്യൂദൽഹി- ഗ്രൂപ്പു നേതാക്കളുടെ അതൃപ്തി ഗൗനിക്കാതെ കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കാൻ കോൺഗ്രസ് ഹൈക്കമാന്റ്. മുതിർന്ന നേതാക്കളോട് ഇക്കാര്യം അറിയിക്കാനും അവരുടെ അഭിപ്രായം എന്തു തന്നെയായാലും തീരുമാനവുമായി മുന്നോട്ടുപോകാനുമാണ് ഹൈക്കമാന്റിന്റെ പദ്ധതി. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എകെ ആന്റണി എന്നിവരുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ തേടില്ലെന്നും വ്യക്തമായി.
നേതാക്കളുടെ അഭിപ്രായം പരിഗണിക്കാതെ അവരുടെ അതൃപ്തി പരിഹരിക്കാനാണ് ഹൈക്കമാന്റ് പ്രതിനിധി താരീഖ് അൻവറിനോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. ഈ മാസം ഒൻപതിനകം കേരളത്തിലെത്തി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരോട് കൂടിക്കാഴ്ച നടത്താനാണ് സോണിയയുടെ നിർദേശം. ഇതിന് ശേഷം അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കോൺഗ്രസ് അണികളിൽ ഭൂരിഭാഗവും സുധാകരനെയാണ് പിന്തുണക്കുന്നത്. കെ.മുരളീധരനെയും ഹൈക്കമാന്റ് പരിഗണിച്ചിരുന്നു. എങ്കിലും സുധാകരനെ തന്നെ നിയോഗിക്കാനാണ് ഹൈക്കമാന്റ് നീക്കം.