'ഒരു ഗ്രൂപ്പിൽ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈൽ കണ്ടിട്ടുണ്ടോ എന്ന് അറിയുന്നത് ഇതാണ്:
- മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിലേക്ക് പോകുക
- MORE അമർത്തുക
- റിപ്പോർട്ട് അമർത്തുക
- റിപ്പോർട്ട് വീണ്ടും അമർത്തുക
- നിങ്ങളുടെ ഡിപി കണ്ട ആളുകളുടെ പൂർണ്ണ പട്ടിക പ്രദർശിപ്പിക്കും.'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സാപ്പിൽ പ്രചരിക്കുന്ന ഒരു മെസേജാണിത്. ഈ മെസേജ് കണ്ട് ഡി.പി കണ്ടവരെ അന്വേഷിച്ചിറങ്ങിയവർക്ക് കിട്ടിയത് മുട്ടൻ പണി.
ഗ്രൂപ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വാട്‌സാപ്പ് ഒരുക്കിയ സംവിധാനത്തെയാണ് മറ്റൊരു തരത്തിൽ ആളുകൾ പ്രചരിപ്പിച്ചത്. സന്ദേശത്തിൽ പറഞ്ഞപ്രകാരം ചെയ്തുനോക്കിയവർ ഗ്രൂപ്പിൽനിന്ന് പുറത്തായപ്പോഴാണ് തങ്ങൾക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്.
ഗ്രൂപ്പിൽനിന്ന് പുറത്തുപോയവർക്ക് ആ ഗ്രൂപ്പിലെ സന്ദേശങ്ങളും നഷ്ടപ്പെട്ടുപോയതോടെയാണ് പറ്റിയ അമളിക്ക് വലിയ വില നൽകേണ്ടിവന്നുവെന്ന് മനസ്സിലായത്. ഐഫോൺ ഉപയോഗിക്കുന്നവർ മുകളിൽ മൂന്ന് ഡോട്ടുകൾ ഇല്ലാത്തതിനാൽ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടു.
ഇങ്ങനെ നിരവധി പേർ ഗ്രൂപ്പിൽനിന്ന് പുറത്തായാലും ഈ സന്ദേശം വരുത്തിവെച്ച വിന ചിലപ്പോൾ ഗ്രൂപ്പിനെ തന്നെ ഇല്ലാതാക്കും. കൂടുതൽ പേരുടെ റിപ്പോർട്ടിംഗ് വരുന്നതോടെ ഗ്രൂപ്പ് വാട്‌സാപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാവുകയും പിന്നീട് ബ്ലോക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
ഒരാൾക്ക് അയാൾ അംഗമായ ഗ്രൂപ്പിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അക്കാര്യം വാട്‌സാപ്പിനെ അറിയിക്കാനുള്ള സംവിധാനമാണ് റിപ്പോർട്ടിംഗ്.