തൃശൂർ- മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി ലഭിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടു പേരാണ് പിടിയിലായത്. അയൽവാസിയോടുള്ള പക തീർക്കുന്നതിന് ഫോൺ മോഷ്്ടിച്ച് ആ ഫോണിൽ മെസേജ് അയക്കുകയായിരുന്നുവെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.
ഇന്നലെ രാവിലെ സജേഷ് എന്നയാളുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടുമെന്നായിരുന്നു ഫോൺ സന്ദേശം. സജേഷ് ഉടൻ ഇക്കാര്യം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി അറിയിച്ചു. സന്ദേശമെത്തിയത് പാലക്കാട് നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ തെളിഞ്ഞു. ഇന്ന് സി.പി.എം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പാലക്കാട് എത്തുന്നുണ്ടായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷയും ശക്തമാക്കി. പാലക്കാട് കല്ലേക്കാട് പിരായിരിയിൽ ചായക്കട നടത്തുന്ന സൈനബയുടെ ഫോണിൽനിന്നായിരുന്നു ഫോൺ സന്ദേശം അയച്ചത്. ഇവരുടെ ഫോൺ മൂന്നു ദിവസം മുമ്പാണ് മോഷണം പോയത്.