കൊച്ചി- അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് തല്‍ക്കാലത്തേക്കെന്ന് നടി ഭാമയുടെ മറുപടി. മകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ ആറ് മാസമായെന്നും ഭാമ പറയുന്നു. മകളുടെ ചിത്രം പങ്കുവെക്കണമെന്ന ആരാധകരുടെ ആവശ്യത്തിനും താരം മറുപടി നല്‍കി. ഉചിതമായ സമയത്ത് കുഞ്ഞിന്റെയും തന്റെ ബേബി ഷവറിന്റെയും ചിത്രങ്ങള്‍ പങ്കുവെക്കുമെന്നും ഭാമ വ്യക്തമാക്കി.
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു. എന്നാല്‍ വിവാഹിതയായതോടെ സിനിമയില്‍നിന്നും ഇടവേളയെടുത്ത താരം കുടുംബിനിയുടെ റോളില്‍ തിരക്കിലാണ്. അടുത്തിടെയാണ് താരത്തിന് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ മകളുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും താരം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല.
സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം മറുപടി നല്‍കിയത്.