ദമാം - കവർച്ചകളും വെടിവെപ്പും നടത്തിയ കേസിലെ പ്രതിയെ ഹഫർ അൽബാത്തിൻ പോലീസ് അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽശഹ്‌രി അറിയിച്ചു. മുമ്പ് നിരവധി കേസുകളിൽ പ്രതിയായ, നാൽപത് വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നേരത്തെ ഹഫർ അൽബാത്തിൻ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അഞ്ചു കാറുകൾ കവരുകയും 50,000 റിയാൽ വില വരുന്ന സ്‌പെയർ പാർട്‌സ് മോഷ്ടിക്കുകയും ചെയ്തത് അടക്കം കവർച്ച കേസുകളിലും വെടിവെപ്പ് കേസിലും യുവാവ് പ്രതിയാണ്.
പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനം സ്ഥലത്തു നിന്ന് നീങ്ങുന്നതിനിടെ മറ്റൊരു കാർ കരുതിക്കൂട്ടി പോലീസ് വാഹനത്തിൽ കൂട്ടിയിടിപ്പിച്ചു. ഇതിനിടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന പോലീസ് വാഹനത്തിൽ നിന്ന് പ്രതി പുറത്തേക്ക് ചാടുകയും ചെയ്തു. രക്ഷാശ്രമത്തിനിടെ പരിക്കേറ്റ പ്രതി സമീപത്തെ വീട്ടിൽ അഭയം തേടി. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് പ്രാഥമിക ശുശ്രൂഷകൾ നൽകി. പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച് പോലീസ് വാഹനത്തിൽ കരുതിക്കൂട്ടി കൂട്ടിയിടിപ്പിച്ച കാർ ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു.






