വാക്‌സിനെടുക്കൂ, ബിയര്‍ അടിക്കൂ എന്ന് ബൈഡന്‍; കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക് സമ്മാനങ്ങളും ലോട്ടറിയും

വാഷിങ്ടന്‍- യുഎസില്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യമായി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനു മുമ്പായി രാജ്യത്തെ 70 ശതമാനം  മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ നടത്തുന്ന ഊര്‍ജിത ശ്രമങ്ങളുടെ ഭാഗമായാണ് ഈ സമ്മാനം. ഇതിനായി സര്‍ക്കാര്‍ വന്‍കിട മദ്യനിര്‍മാണ കമ്പനികളെ കൂടെ കൂട്ടിയിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ മേഖലകളില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാനെത്തുന്നവര്‍ക്കും വാക്‌സിന്‍ നല്‍കും. ഇതിനായി ചെറുകിട ബാര്‍ബര്‍ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള കടകളുമായും സര്‍ക്കാര്‍ സഹകരിക്കുന്നു. 'അമേരിക്കന്‍ ജനതയോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും വാക്‌സിനെടുത്താല്‍ കോവിഡില്‍ നിന്ന് നമുക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാം'- ബൈഡന്‍ പറഞ്ഞു.

നിലവില്‍ യുഎസിലെ മുതിര്‍ന്ന പൗരന്മാരില്‍ 63 ശതമാനം പേര്‍ക്കും ഒരു ഡോസെങ്കിലും കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. ഇത് 70ല്‍ എത്തിക്കാനാണ് ശ്രമം. 12 സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ 70 ശതമാനവും കടന്നു. ഈ ആഴ്ചയോടെ ഏതാനും സംസ്ഥാനങ്ങളും ഈ നേട്ടം കൈവരിക്കും- ബൈഡന്‍ പറഞ്ഞു.

യുഎസില്‍ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയിലേറെ പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചു. ഇതോടെ വൈറസ് വ്യാപനവും മരണങ്ങളും കുത്തനെ കുറഞ്ഞിരിക്കുകയാണ്. 2020 മാര്‍ച്ചിനു ശേഷം ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 20,000ല്‍ താഴെ എത്തി. മരണ നിരക്ക് 85ശതമാനവും കുറഞ്ഞു. എങ്കിലും ബൈഡന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ പദ്ധതി കൂടുതല്‍ ഉര്‍ജിതമാക്കിയിരിക്കുകയാണ്. 

ചില സംസ്ഥാനങ്ങള്‍ 10 ലക്ഷം ഡോളര്‍ സമ്മാനമുള്ള ലോ്ട്ടറികളും കുത്തിവെപ്പെടുക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്. വെസ്റ്റ് വെര്‍ജീനിയയില്‍ തോക്കും പിക്കപ്പ് ട്രക്കുകളുമാണ് കോവിഡ് വാക്‌സിന്‍ എടുക്കുന്നുവര്‍ക്കുള്ള സമ്മാനങ്ങള്‍. യൂണിവേഴ്‌സിറ്റികളും പ്രോത്സാഹനവുമായി രംഗത്തുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കു പോകാന്‍ ഉബറിലും ലിഫ്റ്റിലും യാത്ര സൗജന്യമാണ്. മതാപിതാക്കള്‍ വാക്‌സിനെടുക്കാന്‍ പോയാല്‍ ചെറിയ കുട്ടികളെ നോക്കാന്‍ ചൈല്‍ഡ് കെയര്‍ ജീവനക്കാരുടെ സേവനമുണ്ട്. വെള്ളിയാഴ്ചകളില്‍ ഫാര്‍മസികള്‍ 24 മണിക്കൂറും തുറന്നിരിക്കും. 

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പിന്നിലുള്ള കറുത്തവര്‍ഗക്കാരുടെ മേഖലകളിലും പ്രത്യേക പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍-അമേരിക്കന്‍ പൗരന്മാര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളായ ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ വഴിയും സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ഇവിടെ എത്തുന്നവര്‍ക്ക് വാക്‌സിനേഷന്‍ വിവരങ്ങള്‍ നല്‍കാനും വാക്‌സിനേഷന്‍ ബുക്ക് ചെയ്യാനും ബാര്‍ബര്‍ഷാപ്പുകാര്‍ സഹായിക്കും. ആവശ്യമെങ്കില്‍ ഷോപ്പ് വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാനും അവര്‍ ഒരുക്കമാണ്.

Latest News