യു.എ.ഇയിൽ മധ്യാഹ്ന വിശ്രമനിയമം  ജൂൺ 15 മുതൽ

ദുബായ്- തൊഴിലാളികളുടെ മധ്യാഹ്ന വിശ്രമ നിയമം ജൂൺ 15 മുതൽ ആരംഭിക്കും. നിയമം ലംഘിച്ചാൽ തൊഴിലുടമ 50,000 ദിർഹം വരെ പിഴ നൽകണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്നലെയാണ് മൂന്നു മാസത്തേക്ക് തൊഴിലാളികൾക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ച് ഉത്തരവായത്. രാജ്യത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കൽ അനുവദനീയമല്ല. ഏതെങ്കിലും തൊഴിലാളിയെ ഈ സമയത്ത് പുറത്ത് കണ്ടാൽ തൊഴിലുടമയാണ് ഉത്തരവാദി. 


സ്വകാര്യ മേഖലയിലെ കമ്പനികൾ ഈ തീരുമാനവുമായി സഹകരിക്കണമെന്നും അവരുടെ പങ്കാളിത്തത്തോടെ മാത്രമേ നിയമം വിജയപ്രദമായി നടപ്പാക്കാൻ കഴിയൂ എന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഈ നിയമമുണ്ടെന്നു കരുതി വൈകുന്നേരങ്ങളിലോ അതിരാവിലെയോ തൊഴിലാളികളെ കൊണ്ട് കൂടുതൽ നേരം ജോലി എടുപ്പിക്കുന്നതും കുറ്റകരമാണ്. എട്ട് മണിക്കൂറിൽ കൂടുതൽ തൊഴിലാളികൾക്ക് ജോലി നൽകാൻ പാടില്ല. അതിരാവിലെയോ വൈകുന്നേരമോ ജോലി ഷിഫ്റ്റ് ചെയ്യുന്നതിന് കുഴപ്പമില്ല. അധികസമയം പണിയെടുപ്പിച്ചാൽ തൊഴിലാളികൾക്ക് കൂലി കൂടുതൽ നൽകണം. ഏതെങ്കിലും തരത്തിൽ പരാതി ലഭിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. 


കടുത്ത ചൂടിൽ വിശ്രമം അനുവദിച്ചില്ലെന്ന് കണ്ടെത്തിയാൽ ഒരു തൊഴിലാളിക്ക് 5000 ദിർഹം വെച്ച് പരമാവധി 50,000 ദിർഹം വരെ തൊഴിലുടമ പിഴ ഒടുക്കേണ്ടിവരും. തൊഴിലുടമയുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 80060 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. കടുത്ത ചൂടിൽ ജോലി ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് 12 വർഷമായി ഉച്ചവിശ്രമം അനുവദിക്കുന്നത്. സൂര്യതാപം, നിർജലീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ ചൂടേൽക്കുന്നത് വഴി തൊഴിലാളികൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. 


തൊഴിലാളികളുടെ സമയ പട്ടിക ജോലി സ്ഥലങ്ങളിൽ പ്രദർശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സമയക്രമം രേഖപ്പെടുത്തണം. വിശ്രമ സമയത്ത് തൊഴിലാളികൾക്ക് തണൽ ഏർപ്പെടുത്തണം. തൊഴിലാളികൾക്ക് ദാഹം ശമിപ്പിക്കാനുള്ള വെള്ളവും ഉച്ച വിശ്രമ സമയം സംബന്ധിച്ച ബോധവൽക്കരണവും നൽകണം. നിയമലംഘനം നടത്തുന്ന കമ്പനികളെ തരംതാഴ്ത്തുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കും. ഓരോ ദിവസവും യു.എ.ഇയിൽ ചൂട് കൂടിവരികയാണ്. 45 മുതൽ 49 ഡിഗ്രി വരെയാണ് വിവിധ പ്രദേശങ്ങളിലെ താപനില. 

Latest News