ചെന്നൈ-ഭർത്താവിന് നേരെയുള്ള ഗാർഹികപീഡനത്തിന് ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം ചെയ്യാതെ സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതുപോലുള്ള (ലിവ് ഇൻ റിലേഷൻഷിപ്പ്) കാര്യങ്ങൾക്ക് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ്.വൈദ്യനാഥൻ നിരീക്ഷിച്ചു. ഭാര്യ സമർപ്പിച്ച ഗാർഹിക പീഡന പരാതിയെത്തുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മൃഗഡോക്ടർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.
സസ്പെൻഷൻ റദ്ദാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. 15 ദിവസത്തിനുള്ളിൽ ജോലിയിൽ തിരിച്ചെടുക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു. നിസാര കാര്യങ്ങൾക്ക് ലംഘിക്കാവുന്ന കരാറല്ല വിവാഹമെന്നും പുതിയ തലമുറ വിവാഹത്തിന്റെ വിശുദ്ധി മനസിലാക്കണമെന്നും കോടതി പറഞ്ഞു. ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2015ൽ സമർപ്പിച്ച ഹർജിയെ തുടർന്ന് മൃഗഡോക്ടർക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാൽ, വിവാഹമോചന ഉത്തരവിന് നാലുദിവസം മുമ്പ് ഭാര്യ ഡോക്ടർക്കെതിരേ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകി. ഈ കേസിന്റെ പേരിലാണ് ഡോക്ടറെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തത്.