കുവൈത്ത് ഉപപ്രധാനമന്ത്രി സല്‍മാന്‍ രാജാവിനെ സന്ദര്‍ശിച്ചു

റിയാദ്- കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസര്‍ സ്വബാഹ് അല്‍അഹ്മദ് അല്‍സ്വബാഹ് ഔദ്യോഗിക സന്ദര്‍ശനാര്‍ഥം സൗദിയിലെത്തി. റിയാദ് ദറഇയ്യയിലെ അല്‍ഔജാ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അദ്ദേഹത്തെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഉഭയകക്ഷി ബന്ധങ്ങള്‍ സംബന്ധിച്ചും മേഖലയിലെ സംഭവ വികാസങ്ങളും കൂടിക്കാഴ്ചയില്‍ വിഷയീഭവിച്ചു. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് രാജകുമാരന്‍, ത്വിലാല്‍ ബിന്‍ സൗദ് രാജകുമാരന്‍, ദറഇയ്യ ഗവര്‍ണര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, അല്‍ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സൗദ് രാജകുമാരന്‍, രാജാവിന്റെ ഉപദേശകന്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ സത്താം രാജകുമാരന്‍, റോയല്‍കോര്‍ട്ട് ഉപദേശകന്‍ അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കുവൈത്തിനെ  പ്രതിനിധീകരിച്ച് സൗദിയിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് ഥാമിര്‍ ജാബിര്‍ അല്‍അഹ്മദ് അല്‍സ്വബാഹ്, പ്രതിരോധ അണ്ടര്‍ സെക്രട്ടറി ശൈഖ് അഹ്മദ് മന്‍സൂര്‍ അല്‍അഹ്മദ് അല്‍സ്വബാഹ്, സൈനിക ഉപമേധാവി ശൈഖ് അബ്ദുല്ല നവ്വാഫ് അല്‍അഹ്മദ് അല്‍സ്വബാഹ് എന്നിവര്‍ സംബന്ധിച്ചു.

 

Latest News