ജനീവ- ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെൽറ്റയുടെ ഒരു സ്‌ട്രെയിൻ മാത്രമാണ് ആശങ്കാജനകമെന്നും മറ്റു രണ്ടു സ്‌ട്രെയിനുകളും പ്രശ്‌നം സൃഷ്ടിക്കുന്നവയല്ലെന്നും ലോകാരോഗ്യസംഘടന. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായ B.1.617 എന്ന വൈറസ് വകഭേദം മൂന്ന് വംശങ്ങളായി വിഭജിച്ച ഒരു ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റായാണ് കണക്കാക്കിയത്. ഈ വൈറസ് വകഭേദം മുഴുവനായും ആശങ്കാജനകമാണെന്നായിരുന്നു ലോകാരോഗ്യ സംഘടന ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ച് B.1.617.2 എന്ന സ്‌ട്രെയിൻ മാത്രമാണ് ആശങ്കാജനകം. ഈ സ്‌ട്രെയിനിനാണ് അതിതീവ്ര വ്യാപനശേഷിയുള്ളത്. വാക്‌സിന് പ്രതിരോധിക്കാനാകാത്ത വിധം ശേഷിയുള്ളതാണ് ഇവയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈ വകഭേദത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും ഏതൊക്കെ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കി വേണ്ട നിർദേശങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.