ദോഹ- കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വ്യാമയാന മേഖലയിലെ അനിശ്ചിതത്വത്തെ തുടർന്ന് പിരിച്ചുവിട്ട ജീവനക്കാരെ ഖത്തർ എയർവേയ്സ് തിരിച്ചെടുത്തു തുടങ്ങിയതായി റിപ്പോർട്ട് . കോവിഡ് കാരണം പ്രതിസന്ധിയിലായ ഏവിയേഷൻ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പിരിച്ചു വിട്ട പൈലറ്റുമാരെയും ക്യാബിൻ ജീവനക്കാരെയും വീണ്ടും നിയമിക്കാൻ തുടങ്ങിയതായും ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാക്കർ പറഞ്ഞു. സിമ്പിൾ ഫ്ളയിംഗ്് വെബ്സൈറ്റിന്റെ വെബിനാറിലാണ് അൽ ബാക്കർ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.
വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എയർലൈൻ ഇൻസ്ട്രിയിലെ ഏറ്റവും നീതനമായ ടെക്നോളജിയിലും സൗകര്യങ്ങളിലാണ് ഖത്തർ എയർവേയ്സ് കൂടുതലായും നിക്ഷേപിക്കുന്നത്. യാത്രക്കാർക്ക് മികച്ച ട്രാവൽ അനുഭവം സമ്മാനിക്കുന്ന സംവിധാനങ്ങൾ ഖത്തർ എയർവേയ്സിനെ സവിശേഷമാക്കും.
കോവിഡ് ഏവിയേഷൻ മേഖലയെ തകർത്തപ്പോൾ ഞങ്ങൾക്ക് പല ജീവനക്കാരെയും പിരിച്ചുവിടേണ്ടി വന്നു. വളരെ ദു:ഖത്തോടെയാണ് ഞങ്ങൾ അത് ചെയ്തത്. പ്രതിസന്ധി തരണം ചെയ്താൽ സാധ്യമാകുന്നവരെയൊക്കെ തിരികെവിളിക്കുമെന്ന് അന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു. ഇപ്പോൾ അതിന് സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു.
പിരിച്ചുവിട്ട പല ജീവനക്കാരും വീണ്ടും ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജോലിയിച്ച് തിരിച്ചുകയറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഒരു മലയാളി പൈലറ്റ് പറഞ്ഞു. ജീവനക്കാരോടുള്ള ഖത്തർ എയർവേയ്സിന്റെ സ്നേഹവും പരിഗണനയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് മിക്ക വിമാനകമ്പനികളും സേവനം പരിമിതപ്പെടുത്തിയപ്പോൾ ഖത്തർ എയർവേയ്സാണ് ലോകത്തിന്റെ രക്ഷക്കെത്തിയതെന്നും 38 ലക്ഷം യാത്രക്കാരാണ് ഖത്തർ എയർവേയ്സിൽ പറന്നതെന്നും ഗ്രൂപ്പ്് സി. ഇ. ഒ. അക്ബർ അൽ ബാക്കർ പറഞ്ഞു. ലോകത്ത് ലഭ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും സ്വീകരിച്ചാണ് സേവന രംഗത്ത് ഖത്തർ എയർവേയ്സ് ജൈത്രയാത്ര തുടരുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനിയെന്ന നിലക്ക് മഹാമാരിയുടെ സമയത്ത് ലക്ഷക്കണക്കിനാളുകളെ നാടണയുവാൻ സഹായിക്കുവാനും ഖത്തർ എയർവേയ്സിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയെന്നതാണ് ഖത്തർ എയർവേയ്സിന്റെ രീതി. കോവിഡ് മഹാമാരിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ലക്ഷക്കണക്കിനാളുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാടണയാൻ സഹായകമായത്. ധാരാളം കാർഗോയും ഖത്തർ എയർവേയ്സ് കൈകാര്യം ചെയ്തു.
വ്യോമഗതാഗത രംഗത്ത് പ്രതീക്ഷ പകർന്ന് 140 കേന്ദ്രങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്സ് വേനൽകാല ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വർഷത്തിലേറെയായി യാത്ര ചെയ്യാനാവാതിരുന്ന നിരവധി പ്രവാസികളെ സന്തോഷിപ്പിക്കുന്ന വാർത്തയാണിത്്. കോവിഡ് മഹാമാരി വിട്ടുമാറിയിട്ടില്ലെങ്കിലും സുരക്ഷിതമായ വാക്സിനുകൾ ലഭ്യമായത് യാത്രയുടെ പശ്ചാത്തലമൊരുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഉറ്റവരേയും ഉടയവരേയും കാണാനാവാതെ മാനസിക സംഘർഷങ്ങളിൽ കഴിയുന്ന പതിനായിരങ്ങളുടെ മനസിൽ കുളിർമഴ പെയ്യിക്കുന്ന പ്രഖ്യാപനമാണിത്.
വിശ്വസനീയമായ ആഗോള കണക്റ്റിവിറ്റി നൽകുന്ന മുൻനിര അന്താരാഷ്ട്ര കാരിയർ എന്ന സ്ഥാനം നിലനിർത്തിയ ഖത്തർ എയർവേയ്സ് മഹാമാരിയുടെ കാലത്ത് മികച്ച സേവനമാണ് ചെയ്തത്. സുരക്ഷ, പുതുമ, ഉപഭോക്തൃ അനുഭവം എന്നിവയിൽ ലോകത്തെ മുൻനിര എയർലൈനായ ഖത്തർ എയർവേയ്സ് പഞ്ചനക്ഷത്ര പദവി നിലനിർത്തിയാണ് ജൈത്രയാത്ര തുടരുന്നത്. വ്യോമയാന രംഗത്ത് അൾട്രാ വൈലറ്റ് അണുനശീകരണ സംവിധാനം , യു.വി. റോബോട്ട്, ടച്ച് ഫ്രീ ചെക്കിൻ തുടങ്ങി വൈവിധ്യമാർന്ന സംവിധാനങ്ങളാണ് ഖത്തർ എയർവേയ്സ് നടപ്പാക്കിയത്. യാത്രക്കാരുടേയയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഖത്തർ എയർവേയ്സ് എന്നും പ്രാധാന്യം നൽകുന്നത്.
ഖത്തർ എയർ വേയ്സ് ജീവനക്കാർ 95 ശതമാനത്തിലധികവും വാക്സിനേഷൻ പൂർത്തിയാക്കി കഴിഞ്ഞു. പ്രതിദിനം ആയിരത്തിലധികം ഖത്തർ എയർവേയ്സ് ജീവനക്കാരാണ് ഖത്തർ എയർവേയ്സിന്റെ കഌനിക്കിൽ വാക്സിനേഷൻ പൂർത്തിയാക്കിയത്. ജീവനക്കാരുടെ വാക്സിനേഷൻ പൂർത്തിയാക്കുന്നതോടെ പൊതുജനങ്ങൾക്ക് ഖത്തർ എയർവേയ്സ് കഌനിക്കുകളിൽ വാക്സിനേഷൻ സൗകര്യമൊരുക്കും.






