മസ്ജിദ് തകർത്ത ബാരാബങ്കിയില്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ തകര്‍ത്ത പള്ളിയുടെ കമ്മിറ്റി ഭാരവാഹികളെ കേസില്‍ കുടുക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് തിരിച്ചടി. നൂറ്റാണ്ട് പഴക്കമുള്ള പള്ളി നിര്‍മിക്കുന്നതിന് വ്യാജരേഖകള്‍ ചമച്ചുവെന്ന് ആരോപിച്ച ഫയല്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റും നടപടികളും പാടില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവായി.
അതേസമയം, അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കണമെന്നും ആവശ്യമെങ്കില്‍ ഹാജരാകണമെന്നും കോടതിയെ സമീപിച്ച കേസിലെ പ്രതികളോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.ആര്‍. മസൂദി, ജസ്റ്റിസ് എ.കെ. ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുഷ്താഖ് അലയിടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.  
ബാരാബങ്കിയില്‍ നൂറ്റാണ്ട് പഴക്കമുള്ള പള്ളി ഹൈക്കോടതി നിര്‍ദേശം മാനിക്കാതെയാണ് ജില്ലാ അധികൃതര്‍ പൊളിച്ചിരുന്നത്. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയധ്രുവീകരണം ശക്തമാക്കുകയാണ്  ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അയോധ്യയിലും വാരാണസിയിലുമടക്കം ബി.ജെ.പിക്ക് തിരിച്ചടിയേറ്റതോടെയാണ് വീണ്ടും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുന്നത്.
അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് കഴിഞ്ഞ 17ന് പള്ളി ഇടിച്ചുനിരത്തിയത്. കെട്ടിടം തകര്‍ക്കാനുള്ള നടപടി മെയ് 31 വരെ നിര്‍ത്തിവയ്ക്കണമെന്ന് ഏപ്രില്‍ 24ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നൂറുകണക്കിന് പോലീസുകാര  വിന്യസിച്ച് ഇവിടേക്ക് നാട്ടുകാര്‍ എത്തുന്നതു തടഞ്ഞിരുന്നു. സുന്നി വഖഫ് ബോര്‍ഡ് മുന്‍ ഇന്‍സ്‌പെക്ടര്‍ക്കും ഏഴ് പള്ളി മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍ക്കുമെതിരെയാണ്  വ്യാജരേഖകള്‍ ചമച്ചുവെന്ന് ആരോപിച്ച് കേസെടുത്തത്. പ്രതിഷേധിച്ചെന്ന പേരില്‍ നൂറുകണക്കിനുപേര്‍ക്കെതിരെയും കേസെടുത്തു.

അനധികൃത നിര്‍മാണം ആരോപിച്ച്  മാര്‍ച്ച് 15നു മാത്രമാണ് പള്ളി കമ്മിറ്റിക്ക് നോട്ടീസ് ലഭിച്ചത്. 1959 മുതലുള്ള വൈദ്യുതിബില്‍ അടക്കമുള്ള രേഖ ഹാജരാക്കിയത് പരിഗണിച്ചിരുന്നില്ല.


ഒരുമിച്ചു താമസം, വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോള്‍ കൊല; 21 കാരന്‍ അറസ്റ്റില്‍

 

Latest News