കുവൈത്ത് സിറ്റി- നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം പാക്കിസ്ഥാനി പൗരന്മാർക്ക് വിസ അനുവദിക്കാൻ കുവൈത്ത് തീരുമാനം. പ്രധാനമന്ത്രി ശൈഖ് സബാഹ് അൽഖാലിദ് അൽ സബാഹുമായി പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി ശൈഖ് റഷീദ് നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതുപ്രകാരം പാക്കിസ്ഥാൻ സ്വദേശികൾക്ക് തൊഴിൽ വിസയോടൊപ്പം ബിസിനസ്, ഫാമിലി വിസകൾ ഉൾപ്പെടെ പുനഃസ്ഥാപിക്കപ്പെടും. കുവൈത്ത് ആഭ്യന്തര മന്ത്രി സാമിർ അലി സബാഹ് അൽസാലിഹ് അൽസബാഹും കുവൈത്തിലെ പാക്കിസ്ഥാൻ അംബാസഡർ സൈദ് സജ്ജാദ് ഹൈദറും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
2011 ലാണ് കുവൈത്തിലേക്ക് പാക്കിസ്ഥാനികളെ വിലക്കിയത്. അതിനു ശേഷം പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ അനുവദിക്കാൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതൊന്നും വിജയിച്ചില്ല. എന്നാൽ 2017 മാർച്ച് മാസത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫ് കുവൈത്ത് സന്ദർശിച്ചപ്പോൾ വിലക്ക് പിൻവലിക്കുമെന്ന് പ്രഖ്യാപനം നടന്നിരുന്നു. പക്ഷേ, തുടർ നടപടികൾ ഉണ്ടായില്ല. പുതിയ പ്രഖ്യാപനത്തോടെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പാക്കിസ്ഥാൻ പൗരൻമാർക്ക് ഇ-വിസ ലഭ്യമാക്കാൻ അവസരമൊരുങ്ങും. വിസ നൽകുന്നത് പുനരാരംഭിക്കാനുള്ള തീരുമാനത്തിന് പാക് ആഭ്യന്തര മന്ത്രി കുവൈത്ത് ഭരണകൂടത്തിന് നന്ദി അറിയിച്ചു. കുവൈത്തിന്റെ ആദ്യകാല വളർച്ചയിൽ പാക്കിസ്ഥാൻ പ്രവാസികൾ വലിയ പങ്കുവഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
എണ്ണ മേഖലയിലും ആരോഗ്യ രംഗത്തും പാക്കിസ്ഥാനികൾക്ക് ടെക്നിക്കൽ വിസകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പുതിയ നീക്കം സഹായകമാകും. കുവൈത്തിനെ രണ്ടാം വീടായിട്ടാണ് പാക്കിസ്ഥാനി പ്രവാസികൾ പരിഗണിക്കുകയെന്നും ഇരു രാജ്യങ്ങളും തമ്മിൽ എല്ലാ കാലത്തും സാഹോദര്യവും സ്‌നേഹവും നിലനിൽക്കണമെന്നും പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി ശൈഖ് റഷീദ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടാനും നിയന്ത്രണങ്ങളിലെ ഇളവ് സഹായകമാകും.