ഇന്ന് ലോക പുകയില വിരുദ്ധ ദിനം
പുകവലി ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാവുക എന്ന സുപ്രധാനമായ പ്രമേയം ചർച്ചക്ക് വെച്ചുകൊണ്ടാണ് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ലോകാരോഗ്യ സംഘടനയും അനുബന്ധ സ്ഥാപനങ്ങളും ആചരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്ക് പരിമിതികളുണ്ടെങ്കിലും വ്യക്തി ബന്ധങ്ങളും സാമൂഹ്യ മാധ്യമങ്ങളും പരമാവധി പ്രയോജനപ്പെടുത്തി വിപുലമായ ബോധവൽക്കരണം നടക്കണമെന്നാണ് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്. കോവിഡ് മഹാമാരിയുടെ ദുരന്തങ്ങൾ ലോകത്തെമ്പാടും നാശം വിതക്കുന്ന സമകാലിക ലോകത്ത് പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. പുകവലിക്കുന്നവരിൽ കോവിഡിന്റെ സങ്കീർണതകൾ വർധിക്കുവാനും മരണം സംഭവിക്കുവാനുമൊക്കെ സാധ്യതയേറെയാണെന്നാണ് വിവിധ തലങ്ങളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുകവലി ശ്വാസകോശത്തിനും ശ്വാസനാളങ്ങൾക്കുമൊക്കെ സാരമായ കേടുപാടുകൾ വരുത്തുമെന്നതിനാൽ കോവിഡ് ബാധ ഇത്തരക്കാരുടെ സ്ഥിതി വഷളാക്കുമെന്നതിൽ സംശയമില്ല. പുകവലി ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാവുക എന്ന പ്രമേയം ഏറെ ശ്രദ്ധേയമാകുന്നതും പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്. ജീവൻമരണ പോരാട്ടത്തിൽ ജീവൻ നിലനിർത്തണമെങ്കിൽ പുകവലി ഉപേക്ഷിച്ചേ തീരൂവെന്നാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നുന്നത്.
പുകയില ഉപഭോഗത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും ഉപഭോഗം കുറക്കുന്നതിനാവശ്യമായ കൂട്ടായ നപടിക്കാഹ്വാനം ചെയ്തുകൊണ്ടും 1988 മുതൽ ലോകാരോഗ്യ സംഘടന മെയ് 31 ലോക പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നുണ്ട് ലോകത്ത് നടക്കുന്ന പത്തു ശതമാനം മരണങ്ങൾക്കും നേരിട്ടു കാരണമായ പുകവലിയും ടൊബാക്കോ ഉൽപന്നങ്ങളുടെ ഉപഭോഗവും 80 ലക്ഷത്തിലേറെ മനുഷ്യ ജീവനുകളാണ് വർഷം തോറും അപഹരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം പേരും നിരപരാധികളായ സക്കന്റ് ഹാന്റ് സ്‌മോക്കിംഗിന് വിധേയരാകുന്നവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല ലോകാടിസ്ഥാനത്തിൽ നോൺ കമ്യൂണിക്കബിൾ ഡിസീസുകളിൽ 63 ശതമാനം റിസ്‌ക് ഫാക്ടറുകൾ ടൊബാക്കോ ഉൽപന്നങ്ങളുടെ ഉപഭോഗമാണെന്നതും വളരെ ഗൗരവമുള്ളതാണ്. 80 ശതമാനം പുകവലി മരണങ്ങളും കുറഞ്ഞ വരുമാനക്കാരായ പിന്നോക്ക രാജ്യങ്ങളിലാണ്. ചില കണക്കുകളനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുകയില ഉപഭോഗ രാജ്യമാണ് ഇന്ത്യ.
മാനവ രാശിയെ കാർന്നു തിന്ന പുകവലിയും ടൊബാക്കോ ഉൽപന്നങ്ങളും സൃഷ്ടിക്കുന്ന അത്യന്തം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹ്യ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങളും അനാവരണം ചെയ്യുന്ന പുകവലി വിരുദ്ധ സമരം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. ഇത് ഏതാനും പുകവലി വിരുദ്ധ പ്രവർത്തകരുടെയോ പരിസ്ഥിതി ചിന്തകരുടെയോ ഉത്തരവാദിത്തമായി തെറ്റിദ്ധരിക്കാതെ സമൂഹം ഒന്നടങ്കം രംഗത്ത് വന്നെങ്കിൽ മാത്രമേ ആശാഹവമായ മാറ്റമുണ്ടാവുകയുള്ളൂ. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. ചെറുപ്പം മുതലേ നിയമപരമായ ഈ മുന്നറിയിപ്പ് നമ്മളൊക്കെ വസ്തുത അറിഞ്ഞോ അറിയാതെയോ വായിച്ചു പോവുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ട്. എന്നെ ഉപയോഗിക്കുന്നത് അപകടകരമാണ് എന്ന് പരസ്യമായി എഴുതിവെച്ച് പൊതുമാർക്കറ്റിൽ നിയമവിധേയമായി വിപണനം ചെയ്യപ്പെടുന്ന ഏക വസ്തു പുകയില ഉൽപന്നങ്ങളായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ സാമൂഹ്യ തിന്മക്കെതിരെ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ലോകത്ത് പുകവലി മൂലം മരണപ്പെടുന്നവരുടെ എണ്ണം റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ഈ ആരോഗ്യ പ്രതിസന്ധി നാൾക്കുനാൾ രൂക്ഷമായി വരുന്നുവെന്നത് ആരോഗ്യ പ്രവർത്തകരുടെ മാത്രമല്ല, ആരോഗ്യപൂർണമായ ഒരു തലമുറയെ വിഭാവനം ചെയ്യുന്ന മുഴുവൻ മനുഷ്യ മനസ്സുകേെളയും അലോസരപ്പെടുത്തുന്നതാണ്.
പുതിയ ലോകത്തെ മനുഷ്യന്റെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്ന് പുകവലി ഉയർത്തുന്ന വെല്ലുവിളികളാണ് എന്നു പറഞ്ഞാൽ അതു തെറ്റാകാൻ വഴിയില്ലാത്ത വിധം സ്ഥിതിഗതികൾ മാറിക്കഴിഞ്ഞിരിക്കുന്നു. വ്യക്തി തലത്തിലും സമൂഹ തലത്തിലും പുകവലി സൃഷ്ടിക്കുന്ന വിപത്തുകൾ അത്രക്ക് ഭയാനകവും വിനാശകരവുമാണ്. ഒരു കാലത്ത് പുകവലി മുതിർന്ന പുരുഷൻമാരിൽ മാത്രം പരിമിതമായിരുന്നെങ്കിൽ ഇന്നത് സ്ത്രീകളിലേക്കും കുട്ടികളിലേക്കും കൂടി പരന്നിരിക്കുന്നു.
പുകവലിയുടെ മാരക വിപത്തുകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി ഈ ദുശ്ശീലത്തിനെതിരെ ആവശ്യമായ മുന്നേറ്റങ്ങൾക്കായി സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നായി മുറവിളിയുയരുന്നുണ്ട് എന്നത് ശുഭോദർക്കമാണ്. പക്ഷേ ഇത്തരം പ്രവർത്തനങ്ങൾ ശാസ്ത്രീയമായ പ്രവർത്തന രീതിയും തുടർച്ചയായ ഫോളോഅപ്പ് വർക്കുകളുടെയും അഭാവത്തിൽ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തുന്നില്ല. കേവലം പ്രഖ്യാപനങ്ങൾക്കും പ്രചാരവേലകൾക്കുമുപരിയായി ആത്മാർഥമായ കൗൺസലിംഗ്, മെഡിസിൻ സൗകര്യങ്ങളോടെയുള്ള ചികിൽസ എന്നിവയിലൂടെ മാത്രമേ പുകവലിയെ കാര്യക്ഷമമായി പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.
ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങൾക്ക് പുകവലി കാരണമാകുമെന്നത് തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. പുകവലിക്കാർക്ക് പക്ഷാഘാതമുണ്ടാകാനുളള സാധ്യതയേറെയാണ്. തൊണ്ണൂറ് ശതമാനം ശ്വാസകോശ അർബുദങ്ങൾക്ക് കാരണം പുകവലിയാണെന്ന് തെളിഞ്ഞിരിക്കുന്നു. കൂടാതെ ടോൺസിൽ ഗ്രന്ഥി, വായ, അന്നനാളം, സ്വനപേടകം, മൂത്ര സഞ്ചി എന്നീ ഭാഗങ്ങളിലും പുകവലി കാരണം കാൻസർ ബാധയുണ്ടാകുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
പുകവലിയുടെ ദൂഷ്യങ്ങൾ നേരിട്ടോ അല്ലാതെയോ സഹിക്കുന്നവർ എന്ന നിലയിൽ പുകവലി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക, നമ്മുടെ സുഹൃത്തുക്കളുടെ പുകവലി അവസാനിപ്പിക്കാനാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നിവയാണ് ഈ രംഗത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ സേവനം. നമുക്ക് ചുറ്റും ഈ തീ പടരുന്നതും കണ്ട് കയ്യും കെട്ടി നോക്കി നിന്നാൽ നമ്മെയും നമ്മുടെ ചുറ്റുപാടിനെയും പോലും പുകവലി അപകടപ്പെടുത്തുമെന്ന് തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ. കോവിഡ് വൈറസ് ഉയർത്തുന്ന ഭീഷണിയിൽ പകച്ചുനിൽക്കുന്ന ലോകം സാഹചര്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മുന്നോട്ടു വരുമെന്നാശിക്കുന്നു.
(ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് ലേഖകൻ)