പന്ത്രണ്ട് കോടി വാക്സിന്‍ ഡോസുകള്‍കൂടി ജൂണില്‍ നല്‍കും

ന്യൂദല്‍ഹി- വിവിധ സംസ്ഥാനങ്ങളില്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ ജൂണില്‍ പന്ത്രണ്ട് കോടി വാക്സിന്‍ ഡോസുകള്‍കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 6.09 കോടി വാക്സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കും. അവശേഷിക്കുന്ന 5.86 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ നേരിട്ട്  സംഭരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. കോവിഡ് അതിതീവ്ര വ്യാപനം നേരിടുന്നതിന് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങള്‍ക്കിടെ വാക്സിനേഷന്‍ വേഗത്തിലാക്കിയാല്‍ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. അതിനാല്‍ കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
വാക്സിന്‍ വിതരണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. കൂടുതല്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. വിദേശരാജ്യങ്ങളില്‍ വിജയകരമായി നടത്തിവരുന്ന വാക്സിനേഷനില്‍ പങ്കാളികളായ വിവിധ കമ്പനികളുടെ വാക്സിനുകള്‍ തദ്ദേശീയ പരീക്ഷണത്തിന് വിധേയമാകാതെ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്.

 

Latest News