കുവൈത്ത് സിറ്റി - കുവൈത്ത് കിരീടാവകാശിയുടെ വിമാനത്തിൽ നുഴഞ്ഞുകയറിയ യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന് പ്രതിയെ പിന്നീട് ദേശീയ സുരക്ഷാ ഏജൻസിക്ക് കൈമാറി. കുവൈത്ത് എയർപോർട്ട് റൺവേയിൽ നുഴഞ്ഞുകയറിയ യുവാവ് കിരീടാവകാശിയുടെ വിമാനത്തിനകത്ത് കയറിപ്പറ്റുകയായിരുന്നു. അറസ്റ്റിലാകുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നെന്ന് റിപ്പോർട്ടുണ്ട്.
കടുത്ത സുരക്ഷാ ബന്തവസ്സും ബാരിക്കേഡുകളും മറികടന്നും നിരീക്ഷണ ക്യാമറകളിൽ കുടുങ്ങാതെയും യുവാവ് എങ്ങിനെയാണ് റൺവേയിൽ നുഴഞ്ഞുകയറിയത് എന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ വിശദമായ അന്വേഷണം തുടരുകയാണ്. ഇന്ന് പറന്നുയരുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണിക്കു വേണ്ടി നിർത്തിയിട്ട സമയത്താണ് കിരീടാവകാശിയുടെ വിമാനത്തിൽ യുവാവ് നുഴഞ്ഞുകയറിയത്.