റിയാദ് - കൊറോണ വാക്‌സിൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അന്വേഷണം നടത്തുന്നില്ലെന്ന് കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. ഫൈസർ-ബയോൻടെക് ഇനത്തിൽ പെട്ട വാക്‌സിൻ ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥനെതിരെ കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ ചോദ്യം ചെയ്യുന്നതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് വാസ്തവവിരുദ്ധമാണ്.
അഴിമതി അന്വേഷണങ്ങളുമായും ഇത്തരം കേസുകളിലെ നിയമ നടപടികളുമായും ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഔദ്യോഗിക ചാനലുകൾ വഴി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ പരസ്യപ്പെടുത്തുന്നുണ്ട്. ആരും കിംവദന്തികളിൽ കുടുങ്ങരുത്. കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ ലോഗോ അടങ്ങിയ ലെറ്റർപാഡിൽ കുബുദ്ധികൾ പുറത്തിറക്കിയ വ്യാജ റിപ്പോർട്ടിൽ സൗദി രഹസ്യാന്വേഷണ ഏജൻസി ആക്ടിംഗ് മേധാവി ഖാലിദ് ബിൻ അലി ബിൻ അബ്ദുല്ല അൽഹുമൈദാന് എതിരെ കമ്മീഷൻ അന്വേഷണം ആരംഭിച്ചതായി വാദിക്കുന്നു. ഫൈസർ വാക്‌സിൻ സൗദിയിലേക്ക് ഇറക്കുമതി ചെയ്യാൻ ശൃംഖല സ്ഥാപിച്ച ഖാലിദ് അൽഹുമൈദാൻ വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും നിരക്കാത്ത വാക്‌സിൻ ആണ് ഇറക്കുമതി ചെയ്തതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അന്വേഷണം പൂർത്തിയാക്കി പ്രതികളാണെന്ന് കണ്ടെത്തുന്നവർക്കെതിരായ കേസ് കോടതിയിൽ സമർപ്പിക്കുമെന്നുമാണ് വ്യാജ റിപ്പോർട്ട് പറയുന്നത്. ഇത് പൂർണമായും അസത്യമാണെന്നാണ് കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ വ്യക്തമാക്കിയത്.






