കോട്ടയം- പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ചെന്നിത്തലയെ മാറ്റിയ വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി. പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത എ.ഐ.സി.സി തീരുമാനം എല്ലാവരും അംഗീകരിച്ചതാണ്. ഇനി പിന്നോട്ടുപോയി ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കേന്ദ്ര നേതൃത്വത്തിന് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരേ വിമര്‍ശമുണ്ടെന്ന വാര്‍ത്തയും ഉമ്മന്‍ചാണ്ടി തള്ളി. ചെന്നിത്തല അത്തരമൊരു വിമര്‍ശം ഉന്നയിക്കാന്‍ സാധ്യതയില്ലെന്നാണ് വിശ്വാസമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. എല്ലാകാര്യങ്ങളും നേരിട്ട് അറിയാവുന്ന ആളാണ് ചെന്നിത്തലയെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടകകക്ഷികളുടെ തെറ്റിദ്ധാരണ നീക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷിബു ബേബി ജോണ്‍ മുന്നണിക്കെതിരേ ആക്ഷേപം ഉയര്‍ത്തിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.