Sorry, you need to enable JavaScript to visit this website.

അനിഷ രാജേഷ്,  കുടുംബ സദസുകളിലെ പാട്ടുകാരി

ഖത്തറിലെ കുടുംബ സദസുകളിലെ പാട്ടുകാരിയാണ് അനിഷ രാജേഷ്. സംഗീതത്തെ ഹൃദയതുല്യം സ്‌നേഹിക്കുന്ന അനിഷ പാടാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. ജോലി കഴിഞ്ഞുള്ള സമയം പാടാനും പാട്ടുകൾ കേൾക്കാനും ഇഷ്ടപ്പെടുന്ന ഈ കോഴിക്കോട്ടുകാരി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തറിലെ സംഗീത വേദികളിലെ ശ്രദ്ധേയ സാന്നിധ്യമാണ്. കുട്ടിക്കാലം തൊട്ടേ പാടി തുടങ്ങിയ അനിഷയെ ചെറുപ്പത്തിൽ അമ്മയാണ് പ്രോൽസാഹിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ നാദാപുരം സ്വദേശിയായ പ്രിയതമൻ രാജേഷിന്റെ പിന്തുണയോടും പ്രോൽസാഹനത്തോടുമാണ് അനിഷ സംഗീത വേദികളിൽ തിളങ്ങുന്നത്. ഈയിടെ അലെസാഹ് ശാസ് മീഡിയ ക്രിയേഷൻസിന്റെ ബാനറിൽ ഷംസീർ അബ്ദുല്ല നിർമിച്ച് അൻഷാദ് തൃശൂരിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു കൊട്ട പൊന്നുണ്ടല്ലോ എന്ന ഗാനത്തിന്റെ റീമിക്‌സ് വേർഷനിലുംം അനിഷയുടെ പങ്കാളിത്തമുണ്ടായിരുന്നു.


ചെറുപ്പത്തിലേ പാട്ടുകളോട് താൽപര്യമുണ്ടായിരുന്നതിനാൽ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. ലളിതഗാനം, സംഘഗാനം എന്നിവയിലാണ് കുട്ടിക്കാലത്ത് കൂടുതലും ശ്രദ്ധിച്ചത്. ഇപ്പോൾ സ്വസ്ഥി അക്കാദമിയിൽ ഭരത് ലാൽ സാറിന്റെ കീഴിൽ ക്ലാസിക്കൽ മ്യൂസിക് പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.


ഖത്തറിലെത്തി എട്ട് വർഷം പിന്നിട്ടെങ്കിലും സംഗീത വേദികളിൽ അനിഷ സജീവമാകാൻ തുടങ്ങിയിട്ട് രണ്ട് വർഷമാകുന്നതേയുള്ളൂ. ഹമീദ് പല്ലത്ത് എന്ന ഫോട്ടോഗ്രാഫർ , അബ്ദുൽ സലാം എന്ന എച്ച്.ആർ. മാനേജർ, മഞ്ജു മനോജ് എന്ന അവതാരക എന്നിവരാണ് അനിഷയെ ദോഹയിലെ പാട്ട് വേദിയിലെത്തിച്ചത്. ഖത്തറിലെ നിരവധി വേദികളിൽ അനിഷ സജീവമായിരുന്നു. ഖത്തർ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ മലയാളി സമാജത്തിന്റെ പ്രവർത്തനങ്ങളിലും സജീവമാണ് അനിഷയും രാജേഷും. ഫോട്ടോഗ്രഫിയാണ് അനിഷയുടെ മറ്റൊരു ഹോബി. ഖത്തറിലെ ചില പരിപാടികളുടെ ഫോട്ടോഗ്രഫിയും ചെയ്തിട്ടുണ്ട്. 
കോഴിക്കോട്ടെ പി.പി.വേണു ഗോപാലന്റെയും ജി.കെ. ശോഭയുടേയും ഇളയമകളായ അനിഷ എല്ലാതരം പാട്ടുകളും പാടാറുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളൊക്കെ ഇഷ്ടപ്പെടുന്ന അവർ നാടക ഗാനങ്ങളും ഭക്തി ഗാനങ്ങളും പാടാറുണ്ട്.

 

Latest News