Sorry, you need to enable JavaScript to visit this website.

പറയൂ എന്താണ് ഉത്തരം?

പ്രതിഭാശാലിയ ഗെർട്രൂഡ് സ്‌റ്റെയിൻ എന്ന വനിതയെ കുറിച്ച് വായിച്ചതോർമ്മ വരികയാണ്.മരണം കാത്ത് കിടക്കുന്ന വേളയിൽ അവർ ചുറ്റിലും നിൽക്കുന്ന അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും കണ്ണ് തുറന്ന് പൊടുന്നനെ ചോദിച്ചത്രെ: 
'എന്താണ് ഉത്തരം?അടുത്തുനിന്നവർ ആശ്ചര്യത്തോടെ പരസ്പരം നോക്കി.കാരണം അവരാരും ഒരു ചോദ്യവും അപ്പോൾ ഗെർട്രൂഡിൽനിന്നും കേട്ടിരുന്നില്ല. പിന്നെ എങ്ങനെയാണ് ഉത്തരം പറയാൻ കഴിയുക! ക്രമേണ ചുറ്റിലും വീണ്ടും മൗനം കനത്തു. അടുത്തു നിന്ന ഒരാൾഒടുവിൽപറഞ്ഞു :'നിങ്ങൾ ഉത്തരം എന്ത്എന്ന് ചോദിക്കുന്നു..' അത് കേട്ട അവർ ചിരിച്ചുകൊണ്ട് പറഞ്ഞത്രേ: 'ഓക്കെ,എങ്കിൽ പറയൂ, എന്താണ് ചോദ്യം?' മരിക്കുന്നതിനു മുമ്പ് അവർ പറഞ്ഞ അവസാനത്തെ വാചകം അതായിരുന്നു പോലും. 
ആരെയും ഒരുവേള പിടിച്ചിരുത്തി ചിന്തിപ്പിക്കുന്നതാണ് ആ രണ്ട് കുഞ്ഞ് വാചകങ്ങൾ. എന്താണ് ഉത്തരമെന്നും എന്താണ് ചോദ്യമെന്നും ജനിമൃതികളെ കുറിച്ച് ഗൗരവമായി ഓരോരുത്തരെ കൊണ്ടും ചിന്തിപ്പിക്കുന്നുണ്ടവ.


ചിലർ സ്‌നേഹിച്ചും സ്‌നേഹിക്കപ്പെട്ടും ജീവിതവും മരണവും ആസ്വദിക്കുന്നു. ചിലർ വെറുത്തും വെറുക്കപ്പെട്ടും തനിക്കും മറ്റുള്ളവർക്കും തീരാ ഭാരമായി നാളുകൾ തള്ളി നീക്കുന്നു. ഈ പശ്ചാതലത്തിൽ മനുഷ്യ ജീവിതത്തെ ആഴത്തിൽ സമീപിക്കാൻ ഇത്തിരി നേരമെങ്കിലും പ്രേരിപ്പിക്കുന്നതാണ് ഗെർട്രൂഡിന്റെ അവസാന വാചകങ്ങൾ എന്നതിൽ സംശയമില്ല. 
എത്രയെത്ര പേരാണ് ചോദ്യവും ഉത്തരവും അറിയാതെ നമുക്കിടയിൽ ഇങ്ങനെ ഒരു ലക്ഷ്യവും മാർഗ്ഗവുമില്ലാതെ ജനിച്ച് ജീവിച്ച് മരിച്ചു കൊണ്ടിരിക്കുന്നത്? ഇന്നലെകളിൽ ജീവിത വേദികളിൽ നിരവധി സജീവ വേഷങ്ങളാടിയവരിൽ ചിലർ ജീവിത സായാഹ്നത്തിൽ അവശരായി നിസ്സഹായരായി മരണത്തെ കാത്ത് കിടക്കുന്നു. ചിലർ പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ,അരങ്ങൊഴിയുന്നു. ദയനീയ കാഴ്ചകൾ എത്രയാണ് ചുറ്റിലും? 


അനാദിയായ കാലത്തിന്റെ വിസ്മയ പ്രവാഹത്തിൽ കേവലം ക്ഷണികമായ ഒരു കാലയളവിൽ ഈ ലോകത്ത് ജീവിക്കാനവസരം ലഭിച്ച മനുഷ്യർ മറ്റ് ജീവജാലങ്ങളിൽ നിന്നും ഭിന്നമാവുന്നത് ചോദിക്കാനും ഉത്തരം കണ്ടെത്താനുമുള്ള വിവേകവും സവിശേഷ ബുദ്ധിയുമുള്ളതിനാലാണ്. കുബേരനോ കുചേലനോ; പണ്ഡിതനോ പാമരനോ; സ്വദേശിയോ വിദേശിയോ ആവട്ടെ അറിവ് കൊണ്ടും അധികാരം കൊണ്ടും ആരോഗ്യം കൊണ്ടും ഒരു പരിധിയിലപ്പുറം ഈ ഭൂമുഖത്ത് വാഴാൻ ഒരാൾക്കും കഴിയില്ല. നശ്വരമാണ് ഈ ജീവിതം. പടിയിറങ്ങേണ്ടവരാണ് നാം ഓരോരുത്തരും. ആ തിരിച്ചറിവിൽ നിന്നാണ് മനുഷ്യർ മൂല്യ ബോധമുള്ളവരായി തീരുന്നത്. ജാതി മത ദേശ ചിന്തകൾക്കതീതമായി പരസ്പരം ആദരിക്കാനും കാരുണ്യപൂർവ്വം പെരുമാറാനും അവർ പാകപ്പെടുന്നത് അപ്പോഴാണ്. വാക്കുകളും പ്രവൃത്തികളും പരമാവധി മാന്യവും നിരുപദ്രവുമാക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്നതിൽ ജീവിതത്തിന്റെ ക്ഷണികതയെ കുറിച്ചുള്ള ചിന്തയ്ക്ക് അനൽപമായ പങ്കുണ്ട്. 
പ്രായം ചെന്ന മാതാപിതാക്കളെ കാരുണ്യപൂർവ്വം ശുശ്രൂഷിക്കാനും ദയാവായ്‌പോടെ അവരോട് പെരുമാറാനും കഴിയാത്തവരുടെ കാര്യം പരിതാപകരം തന്നെ. ഇളം പ്രായത്തിലുള്ളവരോട് വാൽസല്യപൂർവ്വം ഇടപഴകി പരജീവികളോട് പകയും വൈരവുമില്ലാത്ത തരത്തിൽ നന്മയും കനിവുമുള്ളവരാക്കി അവരെ വളർത്തിയെടുക്കാത്ത മാതാപിതാക്കളും അധ്യാപകരും നേതാക്കളുംമറ്റെന്തിന്റെ പേരിൽ മേനി നടിച്ചാലും അന്തിമമായി വാരിക്കൂട്ടുന്നത് അനർത്ഥങ്ങളായിരിക്കുമെന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ല. 


അധികാര ഗർവിന്റെ ബലത്തിൽ നെറികെട്ട തരത്തിൽ നീതി നിഷേധിക്കുകയും, ഭീകരത പ്രോൽസാഹിപ്പിക്കുകയും, ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയും അനുയായികളും അധിക കാലം സസുഖം വാണിട്ടില്ല എന്നത് ചരിത്രബോധമുള്ളവർക്ക് അറിയാവുന്ന കാര്യമാണ്. 
അന്ധമായ വർഗീയതയുടെ വിഷലിപ്തമായ പുക ശ്വസിച്ച് തികച്ചും സഭ്യേതരവും നിർലജ്ജവുമായ തരത്തിൽ അപരനെ അവഹേളിക്കാനും വേദനിപ്പിക്കാനും വെമ്പൽ കൊള്ളുന്നവർ സോഷ്യൽ മീഡിയയിൽ വിലസുന്നു. പോരാളികളുടെ നികൃഷ്ടമായ ശൈലിയും പ്രയോഗങ്ങളും മനുഷ്യത്വരഹിതമായ കുതന്ത്രങ്ങളും കുപ്രചാരണങ്ങളും സൈബർ ലോകത്ത് അനുദിനം നിയന്ത്രണാതീതമായി വർദ്ധിച്ചു വരുന്നു. ജനാധിപത്യ മൂല്യങ്ങളും മതേതരമായ ശൈലിയും പാലിച്ചു നടക്കേണ്ട ചാനൽ ചർച്ചകളിൽ ജുഗുപ്‌സാവഹവും നിന്ദ്യവുമായ പ്രവണതകൾ പെരുകുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. 


ലൈക്കിനും ഷെയറിനും വേണ്ടി അത്തരം വഷളത്തരങ്ങൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. ഇതൊക്കെ കാണുമ്പോൾ ചിലരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ടാവണം, സമൂഹത്തിന്റെ ഈ പിടുത്തംവിട്ട പോക്ക് എങ്ങോട്ടേക്കാണെന്ന് ? ചോദിക്കേണ്ട ചോദ്യമേതാണെന്നും തേടേണ്ട ഉത്തരമെന്താണെന്നും ഓരോരുത്തരും മരണമെത്തുന്നതിന് മുമ്പേ ഒരു വേളയെങ്കിലും സഗൗരവം ദൈവ നാമത്തിൽ അന്വേഷിച്ചെങ്കിൽ എത്ര നന്നായേനെ?

Latest News