Sorry, you need to enable JavaScript to visit this website.

തഴുതാമ, ഒരത്ഭുത കറിക്കൂട്ട്  

ഒന്നൊന്നര വർഷമായി ലോക്ഡൗണും കോവിഡും മഴയും മഴക്കെടുതികളുമൊക്കെയായി കേരളീയർ ഓരോ ദിവസവും തള്ളിനീക്കുമ്പോൾ പലരുടെയും വീടുകളിലെ ഉദ്യാനങ്ങളും തൊടിയുമൊക്കെ ധാരാളം പച്ചപ്പ് കൊണ്ട് നിറഞ്ഞു. അതൊരു വലിയ നേട്ടമാണ്. പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള ത്വര കൊച്ചു കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ദൃശ്യമായി. വീട്ടുവളപ്പിൽ കൃഷി ചെയ്യാനും നമ്മുടെ പറമ്പുകളിൽ സുലഭമായി കാണുന്ന ചെടികളുടെ ഇലകളും തണ്ടും കായ്കളുമൊക്കെ തീന്മേശകളിൽ സ്വാദിഷ്ട വിഭവങ്ങളായി എത്തി. 


ബോറിവിയ ഡിഫുസാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന തഴുതാമ എന്ന ഔഷധ സസ്യത്തെ പലർക്കുമറിയാമെങ്കിലും അതിന്റെ ഗുണങ്ങളും പ്രയോജനങ്ങളും അറിയുന്നവർ ചുരുക്കമാണ്. പ്രത്യേകിച്ച് പുത്തൻ തലമുറക്ക്. മഴക്കാലത്ത് നമ്മുടെ തൊടികളിൽ നിറയെ ഇളം പച്ച നിറമുള്ള ഇലകളോട് കൂടി അരമീറ്ററോളം പൊക്കത്തിൽ പടർന്നു വളരുന്ന ഒരു സസ്യമാണിത്. ആയുർവേദത്തിൽ പുനർവാ എന്നറിയപ്പെടുന്ന ഈ സസ്യം പിത്തം, കഫം, രക്തദോഷം, മൂത്രാശയരോഗം, എന്നിവക്കൊക്കെയുള്ള മരുന്നുകളിൽ ഒരു കൂട്ടായി ഉപയോഗിക്കുന്നു. മലബന്ധത്തിന് തഴുതാമക്കഷായം കഴിക്കുന്നത് നല്ലതാണ്. ശ്വാസംമുട്ടലിനും ചുമക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്. വൃക്കരോഗത്തിന്റെ ഭാഗമായുണ്ടാവുന്ന നീര് കുറയാൻ തഴുതാമയില ഇടിച്ചു പിഴിഞ്ഞ് ദിവസവും രാവിലെ സേവിക്കുന്നത് നല്ലതാണ്. വിഷജീവികൾ കടിച്ചുണ്ടാകുന്ന തടിപ്പ് മാറാൻ തഴുതാമ ഇലയുടെ നീര് തേച്ചാൽ മതിയാകും. കഫ സംബന്ധ രോഗത്തിനു തഴുതാമ വേര് വയമ്പുചേർത്തു അരച്ച് കുടിച്ചാൽ ആശ്വാസം കിട്ടും.


കരളിനെയും വൃക്കയെയും ത്വക്കിനെയും ഹൃദയത്തെയും ഒരുപോലെ സംരക്ഷിക്കാനും വിട്ടുമാറാത്ത ചൊറി മാറ്റാനും ഈ സസ്യത്തിന്റെ ഇലകളുടെ നീരിന് സാധിക്കും. വിരകൾക്കുള്ള അലോപ്പതി മരുന്നുകളിൽ ഈ സസ്യത്തിന്റെ സാന്നിധ്യമുണ്ട്. പൊട്ടാസ്യം നൈട്രേറ്റ് തഴുതാമയിൽ ഉള്ളത് കൊണ്ട് മൂത്രക്കല്ലിന്റെ അസുഖത്തിന് മികച്ചൊരൗഷധമാണ്. മികച്ച ഒരു ആന്റി ഓക്‌സിഡന്റ് ആയ ഈ ചെടിയിൽ പുനർനവിൻ എന്ന ആൽക്കലോയിഡും ഉണ്ട്. അലോ ഇമോൾഡിന് ക്രിസോഫിനോൾ, കാൽസ്യം, ഫോസ്ഫറസ്, സൈറ്റോസ്റ്റിറോൾ, റുബിറോപ്ത്‌സറിൻ, സ്റ്റിഗ്മാറ്റിസ്റ്റിറോൾ, ടാർടാറിക് ആസിഡ് എന്നിങ്ങനെ ഒട്ടേറെ രാസസംയുക്തങ്ങളാൽ അനുഗൃഹീതമാണ് ഈ ചെറു സസ്യം. നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രദാനം ചെയ്യുന്ന ഈ സസ്യത്തെ ഈ മഴക്കാലത്ത് നമുക്ക് മറക്കാതിരിക്കാം. ഉപ്പേരിയായും കറിയായും നമുക്ക് തഴുതാമ ഭക്ഷിക്കാം. 

Latest News