Sorry, you need to enable JavaScript to visit this website.

സോറസ് - ഇതാണ് പ്രതികാരം


2008 ലാണ് റെക്കോർഡ് തുകക്ക് സോറസ് ബാഴ്‌സലോണയിലെത്തിയത്. ആദ്യ സീസണിൽ ഹാട്രിക് കിരീടം നേടാൻ ബാഴ്‌സലോണയെ സഹായിച്ചു. രണ്ടാമത്തെ സീസണിൽ യൂറോപ്പിലെ ടോപ് ഗോൾസ്‌കോറർക്കുള്ള ഗോൾഡൻ ഷൂ സ്വന്തമാക്കി. ആദ്യമായി ഗോൾസ്‌കോറിംഗിലും അസിസ്റ്റിലും ഒന്നാമതെത്തി ചരിത്രം സൃഷ്ടിച്ചു. മൂന്ന് ലീഗ് കിരീടങ്ങളുൾപ്പെടെ പത്ത് കിരീടങ്ങൾ കൂടി നേടാൻ ടീമിനെ സഹായിച്ചു. 2017-18 സീസണിൽ നേടിയത് 31 ഗോളായിരുന്നു. 17 ഗോളുകൾക്ക് വഴിയൊരുക്കി. ബാഴ്‌സലോണക്കു വേണ്ടി കൂടുതൽ ഗോളടിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു സോറസ്. എന്നിട്ടും പ്രായത്തിന്റെ പേരു പറഞ്ഞ് ബാഴ്‌സലോണ ഉറുഗ്വായ്ക്കാരനെ വലിച്ചെറിഞ്ഞു. ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായി അത്. വെറും 60 ലക്ഷം യൂറോക്കാണ് സോറസിനെ അവർ കൈമാറിയത്. 


റോണൾഡ് കൂമൻ ബാഴ്‌സലോണ കോച്ചായി വന്ന ശേഷം ആദ്യം സ്വീകരിച്ച നടപടികളിലൊന്ന് ലൂയിസ് സോറസിനെ ഒഴിവാക്കുകയാണ്. അത്യുജ്വലമായ കരിയറിനു ശേഷവും ചവറ് പോലെ വലിച്ചെറിയപ്പെട്ടപ്പോൾ സോറസ് മാത്രമല്ല തകർന്നു പോയത്, ഉറ്റ സുഹൃത്തായ ലിയണൽ മെസ്സി കൂടിയാണ്. ഒരു സീസൺ പിന്നിടുമ്പോൾ കപ്പുയർത്തി ചിരിച്ചുനിൽക്കുന്നത് സോറസാണ്. ബാഴ്‌സലോണയും കൂമനും മുറിവുകളേറ്റു പിടയുകയാണ്. 


2008 ലാണ് റെക്കോർഡ് തുകക്ക് സോറസ് ബാഴ്‌സലോണയിലെത്തിയത്. ആദ്യ സീസണിൽ ഹാട്രിക് കിരീടം നേടാൻ ബാഴ്‌സലോണയെ സഹായിച്ചു. രണ്ടാമത്തെ സീസണിൽ യൂറോപ്പിലെ ടോപ് ഗോൾസ്‌കോറർക്കുള്ള ഗോൾഡൻ ഷൂ സ്വന്തമാക്കി. ആദ്യമായി ഗോൾസ്‌കോറിംഗിലും അസിസ്റ്റിലും ഒന്നാമതെത്തി ചരിത്രം സൃഷ്ടിച്ചു. മൂന്ന് ലീഗ് കിരീടങ്ങളുൾപ്പെടെ പത്ത് കിരീടങ്ങൾ കൂടി നേടാൻ ടീമിനെ സഹായിച്ചു. 2017-18 സീസണിൽ നേടിയത് 31 ഗോളായിരുന്നു. 17 ഗോളുകൾക്ക് വഴിയൊരുക്കി. തുടർച്ചയായ മൂന്നാം സീസണിലും അസിസ്റ്റിൽ ഒന്നാമനായി. ബാഴ്‌സലോണക്കു വേണ്ടി കൂടുതൽ ഗോളടിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു സോറസ്. കളിക്കളത്തിൽ മാത്രമല്ല പുറത്തും ലിയണൽ മെസ്സിയുമായുള്ള സോറസിന്റെ സൗഹൃദം ഏവർക്കുമറിയാവുന്നതായിരുന്നു. എന്നിട്ടും പ്രായത്തിന്റെ പേരു പറഞ്ഞ് ബാഴ്‌സലോണ ഉറുഗ്വായ്ക്കാരനെ വലിച്ചെറിഞ്ഞു. ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായി അത്. വെറും 60 ലക്ഷം യൂറോക്കാണ് സോറസിനെ അവർ കൈമാറിയത്. 


ഈ പ്രതിസന്ധി ഘട്ടത്തിൽ തുണക്കത്തിയ അത്‌ലറ്റിക്കൊ മഡ്രീഡിനെ സോറസ് കൈവിട്ടില്ല. സോറസിന്റെ 21 ഗോളുകളിലാണ് അത്‌ലറ്റിക്കൊ സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് ചുവടുവെച്ചത്. അവസാന മത്സരത്തിൽ നിർണായക വിജയ ഗോളടിച്ച ശേഷം മുപ്പത്തിനാലുകാരൻ വിങ്ങിപ്പൊട്ടി. 
ഇപ്പോൾ സോറസ് കണക്കു ചോദിക്കുകയാണ്. വ്യക്തിത്വമില്ലാത്ത മനുഷ്യനാണ് കൂമനെന്ന് സോറസ് തുറന്നടിച്ചു. 'എന്നെ ആവശ്യമില്ലെന്ന് പറഞ്ഞയാളാണ് കൂമൻ. തൊട്ടടുത്ത ദിവസം എന്നെ സമീപിച്ചു, നാളെ ക്ലബ് മാറാനായില്ലെങ്കിൽ വിയ്യാറയലിനെതിരായ കളിയിൽ ഉൾപ്പെടുത്തുമെന്നു പറഞ്ഞു. വ്യക്തിത്വമില്ലാത്ത മനുഷ്യനാണ് അയാളെന്ന് അപ്പോൾ തന്നെ വ്യക്തമായി'.
ഇത്രയധികം ട്രോഫികളുടെ ഭാഗമായിട്ടും മാന്യതയില്ലാതെയാണ് ബാഴ്‌സലോണ തന്നെ ഒഴിവാക്കിയതെന്ന് സോറസ് പറഞ്ഞു. 'പ്രസിഡന്റ് ആദ്യം എല്ലാം പറയുന്നത് മാധ്യമങ്ങൾക്കു മുന്നിലാണ്. എന്നോടായിരുന്നില്ല. ലിയണൽ മെസ്സിയെ ബാഴ്‌സലോണയിൽ നിലനിർത്താനായി എന്നെ ഉപയോഗിക്കാനാണ് ക്ലബ് ശ്രമിച്ചത്. എന്നിട്ടു പോലും എന്നോട് നേരിട്ട് സംസാരിച്ചില്ല'.


ആരാണ് ബാഴ്‌സലോണയിൽ ഏറ്റവും മോശമായി പെരുമാറിയത് എന്ന് ചോദിക്കുമ്പോൾ സോറസിന്റെ മറുപടി: 'ഒന്നാമത്തെയാൾ അന്നത്തെ പ്രസിഡന്റ് ബർതോമിയൊ. എന്നെ നേരിട്ട് വിളിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയില്ല. മാധ്യമങ്ങളോടാണ് എന്നെക്കുറിച്ച് പറഞ്ഞത്. എന്നെ ടീമിൽ ആവശ്യമില്ലെന്ന്. എന്തുകൊണ്ട് അവർ അത് എന്നോട് പറഞ്ഞില്ല?. പരിശീലനത്തിൽ നിന്ന് മാറ്റിനിർത്തിയപ്പോൾ വല്ലാത്ത വേദന തോന്നി. ബാഴ്‌സലോണയുടെ ഒരു ബോർഡ് മെംബർക്കു പോലും എന്നോട് സംസാരിക്കാൻ സമയം കിട്ടിയില്ല'
ഇപ്പോൾ എന്ത് തോന്നുന്നു?  'ഈ സീസണിലെ മികച്ച പ്രകടനത്തിനു ശേഷം അവർക്ക് ഞാനൊരു ഫോട്ടോ അയച്ചു കൊടുക്കും'.


സുദീർഘമായ കരിയറിൽ താൻ കളിച്ചതിൽ ഏറ്റവും മികച്ച കോച്ചാണ് അത്‌ലറ്റിക്കോയുടെ ഡിയേഗൊ സെമിയോണിയെന്ന് സോറസ് പറഞ്ഞു. കറിവേപ്പില പോലെയാണ് ബാഴ്‌സലോണ എന്നെ വലിച്ചെറിഞ്ഞത്. അത്‌ലറ്റിക്കൊ എനിക്കു മുന്നിൽ വാതിൽ തുറന്നു. എന്റെ യഥാർഥ മൂല്യം പ്രകടിപ്പിക്കാൻ അവസരം തന്നു. ഇവിടെ കളിക്കാനുള്ള പ്രതിഭ എന്നിൽ അവശേഷിക്കുന്നുവെന്ന് അംഗീകരിച്ചതിൽ അത്‌ലറ്റിക്കോയോട് അടങ്ങാത്ത ആദരവുണ്ട്'.


അവസാന മത്സരത്തിൽ റയൽ വാലദോലിദിനെതിരെ ഇടവേളയിൽ അത്‌ലറ്റിക്കൊ 0-1 ന് പിന്നിലായിരുന്നു. റയൽ മഡ്രീഡും പിന്നിലായിരുന്നു എന്നതാണ് ചെറിയ ആശ്വാസം. എന്നാൽ ഇടവേളക്കു ശേഷം റയൽ സമനില നേടി. അതോടെ അത്‌ലറ്റിക്കോക്ക് രണ്ടു ഗോൾ തിരിച്ചടിക്കണമായിരുന്നു. ആദ്യം റെനാൻ ലോദിയും പിന്നീട് സോറസും ടീമിന്റെ രക്ഷക്കെത്തി. കുപ്പായം വലിച്ചൂരിയാണ് സോറസ് ആഹ്ലാദം പ്രകടിപ്പിച്ചത്. നിമിഷങ്ങൾക്കകം ഓടിയെത്തിയ സഹകളിക്കാരുടെ പിടിയിലമർന്നു താരം. കളിയിൽ അതേസമയത്ത് ബാഴ്‌സലോണയുടെ മാർടിൻ ബ്രാതവൈറ്റ് ഐബാറിനെതിരെ കിട്ടിയ അവസരം അടിച്ചുതുലയ്ക്കുന്നത് സോറസിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിച്ചു. ബ്രാതവൈറ്റ് എവിടെ, സോറസ് എവിടെ? 
ആരാണ് യഥാർഥത്തിൽ സോറസിനെ ഒഴിവാക്കാൻ തീരുമാനമെടുത്തത് എന്നത് ഇപ്പോഴും സമസ്യയാണ്. എല്ലാ പഴിയും കേട്ടത് കൂമനാണെങ്കിലും ക്ലബ്ബാണ് ആ തീരുമാനം കൈക്കൊണ്ടതെന്നാണ് അന്തപ്പുര സംസാരം. ഏതാനും ആഴ്ച മുമ്പ് സോറസിനെ വിളിച്ച് കൂമൻ തന്നെ ഇക്കാര്യം പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് നൽകി. 


 

Latest News