Sorry, you need to enable JavaScript to visit this website.

സുശീൽ ഒറ്റക്കല്ല...

സുശീൽ കുമാർ പോലീസ് വലയിൽ

ഇന്ത്യൻ കായിക ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു സുശീൽ കുമാർ. ഇന്ത്യയുടെ ഒരേയൊരു ലോക ഗുസ്തി ചാമ്പ്യൻ. വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിംപിക് മെഡലുകൾ നേടിയ ഒരേയൊരു ഇന്ത്യൻ താരം. സുശീൽ 2008 ലെ ഒളിംപിക്‌സിലെ ഗുസ്തിയിൽ മെഡൽ നേടും മുമ്പ് ഗുസ്തിയിൽ ഇന്ത്യക്ക് കിട്ടിയ ഒരേയൊരു മെഡൽ 1952 ൽ കശബ് യാദവ് നേടിയതായിരുന്നു. മൂന്നു തവണ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ. പരമോന്നത കായിക ബഹുമതി രാജിവ് ഗാന്ധി ഖേൽരത്‌ന നൽകി രാജ്യം ആദരിച്ച കളിക്കാരൻ. പത്മശ്രീ ബഹുമതിക്കുടമ. മത്സര ഫീസിനും മറ്റ് ആനുകൂല്യങ്ങൾക്കുമൊക്കെപ്പുറമെ വർഷം 30 ലക്ഷം രൂപ ഗുസ്തി ഫെഡറേഷൻ പ്രതിഫലം നൽകുന്ന കളിക്കാരൻ. സ്‌പോർട്‌സ് ക്വാട്ടയിൽ നോർത്തേൺ റെയിൽവേയിൽ സീനിയർ കൊമേഴ്‌സ്യൽ മാനേജർ പദവി. 


എന്നിട്ടും അധോലോകത്തിന്റെ ഭാഗമായി സഹ ഗുസ്തി താരത്തെ കൊന്നുവെന്ന ആരോപണത്തിലേക്കും പിടികിട്ടാപ്പുള്ളി എന്ന നാണക്കേടിലേക്കും സുശീലിനെ എത്തിച്ചതെന്താണ്? ദേശീയ പതാക ചുറ്റി അഭിമാനത്തോടെ മാധ്യമങ്ങൾക്കു മുന്നിൽ തലയുയർത്തി നിന്ന സുശീൽ തൂവാല ചുറ്റി മുഖം മറയ്ക്കുന്നതിലേക്ക് എത്തിയതെങ്ങനെയാണ്. ദുരൂഹമാണ് മനുഷ്യ മനസ്സ് എന്നു മാത്രമേ പറയാനാവൂ. 
പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണ കായികതാരങ്ങൾ ഒരുപാടുണ്ട്. മൈക് ടൈസൻ മുതൽ ടൈഗർ വുഡ്‌സ് വരെ. 
ബ്രൂണൊ സൂസ: ബ്രസീലിന്റെ അറിയപ്പെടുന്ന ഗോൾകീപ്പറായിരുന്നു ബ്രൂണൊ സൂസ. കൊറന്തിയൻസിന്റെയും ഫഌമംഗോയുടേതുമൊക്കെ വല കാത്തിരുന്നു. 2010 ൽ കാമുകി എലീസ സമൂദിയോയെ മൃഗീയമായി കൊലപ്പെടുത്തിയതിന്  22 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു സൂസ. ബ്രൂണോയുടെ ശരീരാവശിഷ്ടങ്ങൾ പട്ടിക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നുവെന്ന് സൂസയുടെ കൗമാരക്കാരനായ അനന്തരവൻ വെളിപ്പെടുത്തിയിരുന്നു. 2017 ൽ ജയിൽ മോചിതനായെങ്കിലും സുപ്രീം കോടതി വീണ്ടും അറസ്റ്റിന് ഉത്തരവിട്ടു. 


ഓസ്‌കർ പിസ്റ്റോറിയസ്: വെപ്പു കാലു കൊണ്ട് ട്രാക്കിന്റെ ഉയരങ്ങളിലെത്തിയ ആഘോഷിക്കപ്പെട്ട കഥയാണ് ദക്ഷിണാഫ്രിക്കൻ അത്‌ലറ്റിന്റേത്. ജീവിതത്തിൽ ക്രൂരനായിരുന്നു പിസ്റ്റോറിയസ് എന്ന് തെളിഞ്ഞത് കരിയർ അവസാനിക്കും മുമ്പ് തന്നെ. ബ്ലെയ്ഡ് റണ്ണർ എന്ന പേരിൽ ലോകപ്രശസ്തനായ പിസ്റ്റോറിയസ് കാമുകി റീവ സ്റ്റീൻകാംപിനെ വെടിവെച്ചു കൊന്നതിന് 13 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു. 


ദീപക് പഹൽ: നിരവധി കൊലപാതകക്കേസുകളിൽ പ്രതിയാണ് ദീപക് പഹൽ എന്ന മുൻ ഇന്ത്യൻ ബോക്‌സർ. സാഹസികമായി ജയിൽ ചാടി ഇപ്പോൾ ഒളിവിലാണ്. മുൻ ജൂനിയർ ദേശീയ ചാമ്പ്യനായ ദീപക് രാജ്യത്തെ ഏറ്റവും ക്രിമിനലുകളിലൊരാളാണ്. 


ഇഖ്ബാൽ സിംഗ് ബൊപ്പാര: എൺപതുകളിൽ ഇന്ത്യയിലെ മികച്ച ഷോട്പുട്ടർമാരിലൊരാളായിരുന്നു ഇഖ്ബാൽ സിംഗ്. പിന്നീട് അമേരിക്കയിലേക്ക് ചേക്കേറി. അവിടെ വെച്ച് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി. ഇരട്ടക്കൊലപാതക്കേസിൽ പ്രതിയാണ് ഇപ്പോൾ. 


ലാൻസ് ആംസ്‌ട്രോംഗ്, മരിയൻ ജോൺസ്: ലോകം സ്‌നേഹാദരവോടെ സ്വീകരിച്ച കായികതാരങ്ങളായിരുന്നു ലാൻസ് ആംസ്‌ട്രോംഗും മരിയൻ ജോൺസും. ആയിരങ്ങൾക്ക് പ്രചോദനം. ഇരുവരും ആസൂത്രിതമായി ഉത്തേജക മരുന്നടിക്കുന്നവരായിരുന്നുവെന്ന് പിൽക്കാലത്ത് തെളിഞ്ഞു. 


ഹാൻസി ക്രോണ്യെ, ശ്രീശാന്ത്, മുഹമ്മദ് ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ ബട്ട്: ആരാധകരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരായിരുന്നു ഇവരെല്ലാം. ഒടുവിൽ ഒത്തുകളി ആരോപണം നേരിട്ടു. ക്രോണ്യെ വിമാനാപകടത്തിൽ മരിച്ചു. മറ്റുള്ളവരുടെയെല്ലാം കരിയർ തകർന്നു. 


മൈക് ടൈസൻ, ഒ.ജെ. സിംസൺ, ടൈഗർ വുഡ്‌സ്: വുഡ്‌സ് പരസ്ത്രീ ബന്ധങ്ങളുടെ പേരിലാണ് കുപ്രശസ്തനായത്. ടൈസൻ ബലാൽസംഗത്തിന് ജയിൽ ശിക്ഷ നേരിട്ടു. മുൻ ഭാര്യയെ കൊലപ്പെടുത്തിയ സിംസന്റെ കഥ അമേരിക്കയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. 


നവജോത് സിംഗ് സിദ്ദു: റോഡ് തർക്കത്തിനിടയിൽ ഒരാളെ അടിച്ചു കൊന്ന കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റർ സിദ്ദു മൂന്നു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.


ബോറിസ് ബെക്കർ: ടീനേജ് പ്രായത്തിൽ ലോകപ്രശസ്തനായ ടെന്നിസ് താരമാണ് ബോറിസ് ബെക്കർ. നികുതി വെട്ടിപ്പിന്റെ പേരിൽ ശിക്ഷ നേരിട്ടു ബെക്കർ. 


ജെഫ് ബൊയ്‌കോട്ട്: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ ജെഫ് ബൊയ്‌കോട്ട് ഗാർഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടു. 


ക്രിസ് ലൂയിസ്: ഇംഗ്ലണ്ടിനു വേണ്ടി 32 ടെസ്റ്റും 53 ഏകദിനങ്ങളും കളിച്ച കളിക്കാരനായിരുന്നു ലൂയിസ്. കളിക്കളത്തിനും പുറത്തും ജനപ്രിയ താരം. മൂന്നരക്കിലയോളം കൊക്കയ്ൻ കടത്തിയതിന് 2008 ൽ ലൂയിസ് അറസ്റ്റിലായി. 13 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 

 

Latest News