Sorry, you need to enable JavaScript to visit this website.

കോപ  പ്രതിസന്ധിയിലേക്കോ?

ലിയണൽ മെസ്സി കോപ അമേരിക്ക ടൂർണമെന്റിന് മുന്നോടിയായി എസയ്‌സയിലെ അർജന്റീനാ ക്യാമ്പിലെത്തിയപ്പോൾ

ഫുട്‌ബോൾ ആരാധകർക്ക് സന്തോഷമില്ലാത്ത വാർത്തകളാണ് ലാറ്റിനമേരിക്കയിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. അടുത്ത മാസം പതിമൂന്ന് മുതൽ ജൂലൈ പതിനാല് വരെ അർജന്റീനയും കൊളംബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കേണ്ട കോപ അമേരിക്ക ടൂർണമെന്റ് അനിശ്ചിത്വത്തിലേക്ക് നീങ്ങുന്നുവെന്നാണ് ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൊളംബിയയിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും അർജന്റീനയിലെ രൂക്ഷമായ കോവിഡ് വ്യാപനവുമാണ് അതിന്റെ കാരണം. അർജന്റീനയിലെ കോവിഡ് വ്യാപനം മൂലം ആഭ്യന്തര ലീഗുകളടക്കം മുഴുവൻ മത്സരങ്ങളും നിർത്തിവെക്കുവാൻ തീരുമാനിച്ചിരുന്നു.

അതിനിടയിലാണ് വിവാദ നികുതി പദ്ധതി നടപ്പിലാക്കുവാനുള്ള കൊളംബിയൻ സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ഏപ്രിൽ തുടക്കം മുതൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. സർക്കാരിനെതിരായ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ കോപ ലിബറട്ടറോസ് മത്സരങ്ങളൊക്കെ തടസ്സപ്പെടുത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ ആഭ്യന്തര പ്രക്ഷോഭത്തിനിടെ ടൂർണമെന്റ് നടത്താനാവില്ലെന്നും കോപ അമേരിക്ക നവംബറിലേക്ക് മാറ്റണമെന്നും കൊളംബിയൻ സർക്കാർ അപേക്ഷിച്ചുവെങ്കിലും ലാറ്റിനമേരിക്കൻ ഫുട്‌ബോൾ അസോസിയേഷൻ അതിന് ചെവി കൊടുത്തിട്ടില്ല. കൊളംബിയയിൽ നടക്കേണ്ട മത്സരങ്ങൾ എവിടെ വെച്ചു നടത്തുമെന്നും അധികൃതർ ഇത് വരെ അറിയിച്ചിട്ടില്ല.

ആതിഥേയരായ കൊളംബിയക്ക് പുറമെ ഫുട്‌ബോൾ ലോകത്തെ രാജാക്കന്മാരായ ബ്രസീലും ഒപ്പം ഇക്വഡോർ, പെറു, വെനിസ്വേല എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾക്കാണ് പുതിയ വേദി കണ്ടെത്തേണ്ടത്. അപ്പോഴാണ് അർജന്റീനയിലെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായത്. ഗ്രൂപ്പ് എയിൽ ആതിഥേയരായ അർജന്റീനക്കൊപ്പം ശക്തരായ ഉറുഗ്വായ്, ചിലി, പരാഗ്വായ്, ബൊളീവിയ എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇനി ദിവസങ്ങൾ മാത്രമാണ് കോപ അമേരിക്ക തുടങ്ങാൻ ബാക്കിയുള്ളത്. പക്ഷേ അതിനിടയിൽ അർജന്റീനയിലെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായാൽ കാര്യങ്ങൾ സങ്കീർണമാവും. 

അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂണേഴ്‌സ് അയേഴ്‌സിലെ മോണിമെന്റൽ സ്‌റ്റേഡിയത്തിൽ അർജന്റീനയും ചിലിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ തുടങ്ങി കൊളംബിയൻ നഗരമായ ബാറൻക്വില്ലയിലെ മെട്രോപൊളിറ്റിയാനോ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലോടെ 2021 ലെ കോപ അമേരിക്കക്ക് തിരി താഴ്ത്തും വിധത്തിലായിരുന്നു ലറ്റിനമേരിക്കൻ ഫുട്‌ബോൾ അധികൃതർ തയാറാക്കിയ പദ്ധതി. പക്ഷേ കൊളംബിയൻ ആഭ്യന്തര പ്രക്ഷോഭങ്ങളും അർജന്റീനയിലെ കോവിഡ് വ്യാപനവും അതിന്
മങ്ങലേൽപിച്ചിട്ടുണ്ട്.

ടൂർണമെന്റിന് മുഴുവനായി ആതിഥേയത്വം വഹിക്കാമെന്ന് അർജന്റീന സമ്മതിച്ചിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ അത് സാധിക്കുമോ എന്ന് കണ്ടറിയണം. ഏതായാലും എല്ലാ ആശങ്കകളും വിട്ടൊഴിഞ്ഞ് അർജന്റീനയുടെയും ബ്രസീലിന്റെയും ചിലിയുടെയുമൊക്കെ വശ്യമനോഹരമായ ആ ലാറ്റിനമേരിക്കൻ ശൈലിയെന്ന പ്രസിദ്ധമായ പന്തുകളിയുടെ ചന്തം മുടക്കങ്ങളൊന്നുമില്ലാതെ നടക്കുമെന്ന് പ്രത്യാശിക്കാം.


 

Latest News