ലക്ഷദ്വീപിനായി ശബ്ദമുയര്‍ത്തിയ  നടി സീനത്തിനും തെറിവിളി 

കോഴിക്കോട്- ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടി സീനത്തിനെതിരെ സൈബര്‍ ആക്രമണം. ''ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം. ആര്‍ക്കും ഒരു ഉപദ്രവം ഉണ്ടാക്കാതെ ജീവിക്കുന്ന കുറച്ചു പച്ചയായ മനുഷ്യര്‍. അതാണ് ലക്ഷദ്വീപ് നിവാസികള്‍.. ഇവര്‍ക്ക് നീതി കിട്ടണം'' എന്നാണ് കഴിഞ്ഞ ദിവസം സീനത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.ഇതോടെ അശ്ലീലവും അധിക്ഷേപവുമായെത്തിയവര്‍ക്ക് സീനത്ത് മറുപടിയും നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിനെ പിന്തുണച്ച നടന്‍ പൃഥ്വിരാജും സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

സീനത്തിന്റെ കുറിപ്പ്:
കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ടി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു അതിന്നു ചില വൃത്തികെട്ട കമന്റ്കള്‍ വന്നു.  ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം.. എന്നാലും പറയുന്നു. സംശയവും വേണ്ട പലരും സ്വന്തം വീട്ടിലെ സംസ്‌കാരം തന്നെയാണ് പുറത്തു പ്രകടിപ്പിക്കുന്നത് ഇത്തരക്കാരുടെയൊക്കെ കാഴ്ച പാട് മാത്രമല്ല ഭാഷയും ഒന്ന് തന്നെയായിരിക്കും.എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ഉടനെ വന്നു സ്ത്രീകളെ അശ്ലീലം പറയുക പുരുഷനെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുക. സ്ത്രീകളോട് അശ്ലീലം പറഞ്ഞാല്‍ അവര്‍ വിചാരിക്കുന്നത് കേള്‍ക്കുന്നവര്‍ക്കാണ് നാണക്കേട് എന്നാണ്. അവരറിയുന്നില്ല ഇത് കാണുന്ന ജനങ്ങള്‍ അവരെതന്നെയാണ് വിലയിരുത്തുന്നത് എന്ന്. ഇവരുടെയൊക്കെ വീട്ടിലും സ്ത്രീകള്‍ ഉണ്ടാകും അല്ലെ. ഒരു കാര്യം ഉറപ്പാണ് സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ക്കേ പുറത്തുള്ള സ്ത്രീകളെ ബഹുമാണിക്കാന്‍ പറ്റു. അല്ലാത്തവര്‍ ഇതുപോലെ പുലമ്പിക്കൊണ്ടിരിക്കും. അഛനും ബാപ്പയും സിനിമയിലെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ടിലെ വരികള്‍ കൂടി ഉദ്ധരിച്ചാണ് സീനത്ത് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. 
 

Latest News