യുഎഇയില്‍ രണ്ടു മാസത്തിനിടെ കോവിഡ് വീണ്ടും ഉയര്‍ന്ന നിരക്കില്‍

അബുദബി- യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടു മാസത്തിനിടെ വീണ്ടും ഉയര്‍ന്ന നിരക്കില്‍. വ്യാഴാഴ്ച 2,167 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതിനു മുമ്പ് രണ്ടായിരത്തിനു മുകളില്‍ പ്രതിദിന കേസുകള്‍ റിപോര്‍ട്ട് ചെയ്തത് ഏപ്രില്‍ 27നായിരുന്നു (2,094). ഏപ്രില്‍ രണ്ടിന് 2,180 കേസുകള്‍ റിപോര്‍ട്ട് ചെയ്തതിനു ശേഷം വ്യാഴാഴ്ചയാണ് വീണ്ടും ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അതേസമയം യുഎഇയിലെ പ്രതിദിന കേസുകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് കുറവാണ്.

യുഎഇയില്‍ പിസിആര്‍ ടെസ്റ്റുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 2,25,957 ടെസ്റ്റുകളാണ് നടത്തിയത്. പോസിറ്റിവിറ്റി നിരക്ക് 0.95 ശതമാനത്തില്‍ തന്നെ നില്‍ക്കുന്നു. ഈ മാസം ആദ്യത്തില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞിരുന്നു. അഞ്ചു മാസത്തിനിടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മേയ് 17നാണ്. മേയില്‍ രാജ്യത്ത് ഗണ്യമായ കുറവും ഉണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് സുരക്ഷാ മുന്‍കരുതിലുകളില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും ശരിയായി മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നു.

Latest News